പാര്‍സല്‍ നല്കുന്നതില് തര്‍ക്കം; തൊടുപുഴയില്‍ ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിക്ക് ക്രൂര മര്‍ദനം
22 Sep 2021 5:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം. പാര്‍സല്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് മര്‍ദിച്ചത്. തൊഴിലാളിയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നു. മങ്ങാട്ടുകവലയിലെ മുബാറക് ഹോട്ടലിലെ നൂര്‍ ഷെയ്ഖ് എന്ന ആസം സ്വദേശിക്കാണ് മര്‍ദനമേറ്റത്.
ഞായറാഴ് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അതിക്രമം. തൊടുപുഴ സ്വദേശിയായ ബിനുവും സുഹൃത്തുക്കളുമാണ് തൊഴിലാളികളെ ആക്രമിച്ചത് എന്നാണ് ഹോട്ടല്‍ ഉടമയുള്‍പ്പെടെ നല്കുന്ന വിവരം. ബിരിയാണി പാര്‍സല്‍ നല്‍കുന്നതാണ് തര്‍ക്കത്തിലേക്ക് എത്തിയത്. നൂര്‍ ഷെയ്ഖിനെ കുനിച്ച് നിര്‍ത്തി പുറത്തിടിയ്ക്കുന്നതും കടിക്കുന്നതും ദൃശ്യങ്ങളും വ്യക്തമാണ്. തൊഴിലാളിയെ നിലത്തിട്ട് ചവിട്ടിയതായും ഹോട്ടല്‍ ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിക്രമത്തില്‍ സാരമായി പരിക്കേറ്റ നൂര്‍ ഷെയ്ഖ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം, കയ്യേറ്റത്തിന് പിന്നാലെ പ്രതികള്‍ നൂര്‍ ഷെയ്ഖിനെ ആശുപ്ത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നതോടെ സംഭവത്തില്‍ കേസെടുത്ത് നടപടികള്‍ പുരോഗമിക്കുകയുമാണ്.
- TAGS:
- Migrant Labor
- Thodupuzha