Top

'ഗവര്‍ണറോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയരുത്'; ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി ശ്രീധരന്‍പിള്ള

ബസേലിയസ്സ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവാ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ വെളിപ്പെടുത്തല്‍

6 Aug 2021 11:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയരുത്; ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി ശ്രീധരന്‍പിള്ള
X

ഓര്‍ത്തഡോക്‌സ് സഭയുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് തനിക്ക് കേരളത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് കത്ത് ലഭിച്ചതായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. ദേവലോകം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആസ്ഥാനത്ത് ബസേലിയസ്സ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവാ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ വെളിപ്പെടുത്തല്‍.

കോട്ടയത്തുനിന്നാണ് ഗോവ രാജ്ഭവനിലേക്ക് സന്ദേശം എത്തിയത്. ഇന്നലെ ആറുമണിയോടെയാണ് സന്ദേശം ലഭിച്ചത്. സഭാ ചടങ്ങില്‍ പങ്കെടുക്കുന്നത് ഉചിതമാകില്ലെന്നായിരുന്നു സന്ദേശം. എന്നാല്‍ താന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും പരിപാടി പിന്‍വലിക്കില്ലെന്നും വ്യക്തമാക്കി മറുപടി സന്ദേശം നല്‍കിയതായും ശ്രീധരന്‍പിള്ള പറഞ്ഞു. സാധാരണ ഓഫീസിലുള്ളവരാണ് ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാറുള്ളതെങ്കിലും ഇത്തവണ താന്‍ തന്നെ മറുപടി നല്‍കുകയായിരുന്നെന്നും ഗോവ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സഭാ സെക്രട്ടറിക്ക് ഈ മറുപടിയുടെ കോപ്പി കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ഗവര്‍ണറോട് പരിപാടിയില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് പറയുന്നത് ശരിയല്ല. പങ്കെടുക്കുന്നതിന് നിയമതടസമുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ എന്താണ് നിയമതടസമെന്ന് വ്യക്തമല്ല. ആരെയും പഴിക്കാനില്ലെങ്കിലും ഉദ്യോഗസ്ഥര്‍ കാര്യങ്ങളെ വിശാലമായി കണ്ട് പെരുമാറണമെന്നും ഇത്തരം കാര്യങ്ങളേ മനസിലാക്കാന്‍ ദൈവം അവര്‍ക്ക് സദ്ബുദ്ധി കൊടുക്കട്ടെയെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.







Next Story