Top

'ബ്ലാക്ക്‌മെയില്‍ പൊളിറ്റിക്‌സ് പിണറായി വിജയനോട് മതി'; ജലീലിന്റെ ഭീഷണി സാനിട്ടോറിയത്തിലെ ക്ഷയരോഗി ഗാമയെ വെല്ലുവിളിക്കുന്നതു പോലെയെന്ന് മായിന്‍ ഹാജി

7 Aug 2021 5:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്ലാക്ക്‌മെയില്‍ പൊളിറ്റിക്‌സ് പിണറായി വിജയനോട് മതി; ജലീലിന്റെ ഭീഷണി സാനിട്ടോറിയത്തിലെ ക്ഷയരോഗി ഗാമയെ വെല്ലുവിളിക്കുന്നതു പോലെയെന്ന് മായിന്‍ ഹാജി
X

കഴിഞ്ഞ രണ്ട് ദിവസമായി പാണക്കാട് കുടുംബത്തിനെതിരെ ആരോപണം ഉയര്‍ത്തുന്ന കെ ടി ജലീലിന് അര്‍ഹിക്കുന്ന മറുപടിയാണ് സാദിഖ് അലി തങ്ങള്‍ നല്‍കിയതെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മായിന്‍ ഹാജി. അതിന്റെ ജാള്യത മറയ്ക്കാന്‍ പിച്ചും പേയും പറയുന്ന ജലീലിന്റെ പ്രതികരണത്തെ അതീവ പുച്ഛത്തോടെ തള്ളികളയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് കുടുംബത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത് രണ്ട് ദിവസം മേസ്തരിയായി നടന്ന ജലീലിനെ അല്‍പ്പനെന്നേ വിളിക്കാന്‍ കഴിയു. ജലീല്‍ പറഞ്ഞതൊന്നും കാര്യമാക്കേണ്ടതേ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു മായിന്‍ ഹാജിയുടെ പ്രതികരണം.

'എകെജി സെന്ററാണ് തന്നെ മന്ത്രിയാക്കിയതെന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തിനെതിരെ പറഞ്ഞു നടന്ന കെടി ജലീലാണ് ഇപ്പോള്‍ പാണക്കാടിന് രക്ഷകനായി അവതരിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് പുറത്താക്കിയ വ്യക്തിയാണ് അദ്ദേഹം. ഒരു മന്ത്രിയായെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ അയാള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ ഒരു സ്ഥാനവുമില്ല. അതുകൊണ്ട് തന്നെയാണ് ലീഗില്‍ മേസ്തരിപ്പണിക്ക് ആളെ ആവശ്യമില്ലെന്ന് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയതും.'

തന്റെ കയ്യില്‍ ശബ്ദരേഖയുണ്ടെന്നൊക്കെ പറയുന്നത് ജലീല്‍ പിണറായി വിജയന്റെ മേലെടുക്കുന്ന ബ്ലാക്ക്‌മെയില്‍ പൊളിറ്റിക്‌സാണെന്നും മായിന്‍ ഹാജി കുറ്റപ്പെടുത്തി. പിണറായിയും അച്യുതാനന്ദനും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തില്‍ ആളായി അതില്‍ മുതലെടുപ്പ് നടത്തി മന്ത്രിപദം നേടിയെടുത്ത ബ്ലാക്ക്‌മെയില്‍ പൊളിറ്റിക്‌സാണ് അദ്ദേഹത്തിന്റേതെന്നും മായിന്‍ ഹാജി അഭിപ്രായപ്പെട്ടു.

കെ ടി ജലീല്‍ എന്റേയോ മുസ്ലീം ലീഗിന്റേയോ പ്രതിയോഗിയല്ല. അദ്ദേഹം അങ്ങനെ കാണുന്നുണ്ടാവാം, പക്ഷെ ഞങ്ങള്‍ക്ക് അയാള്‍ ഒരു പ്രതിയോഗിയേ അല്ല. സാനിട്ടോറിയത്തിലെ ക്ഷയരോഗി ഗാമയെ വെല്ലുവിളിക്കുന്നതു പോലെയാണ് ജലീല്‍ ലീഗിനെതിരെ പറയുന്നത്. പാണക്കാട് കുടുംബത്തിലെ മൂഈന്‍ ഹാജിയെ തൊട്ടാല്‍ താന്‍ കാട്ടിത്തരാം എന്ന് പറഞ്ഞ് മേലാള്‍ ചമയാനാണ് ജലീല്‍ ശ്രമിച്ചത്. അതിനുള്ള മറുപടിയാണ് സാദിഖ് അലി തങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story