Top

'ഈ .....മാര്‍ ഒന്നിച്ച് വന്നിരുന്നെങ്കില്‍ ഒറ്റ ചവുട്ടില്‍ നിര്‍ത്താമായിരുന്നു...' ആദരവിലല്ല ആ സല്യൂട്ടെന്ന് ഓര്‍മിപ്പിച്ച് മാത്യൂ ടി തോമസ്

മുന്നില്‍ 3 മന്ത്രിമാര്‍ കയറിപോവുന്നത് കാണാം. (പേരുകള്‍ പറയുന്നില്ല)

18 Sep 2021 10:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈ .....മാര്‍ ഒന്നിച്ച് വന്നിരുന്നെങ്കില്‍ ഒറ്റ ചവുട്ടില്‍ നിര്‍ത്താമായിരുന്നു... ആദരവിലല്ല ആ സല്യൂട്ടെന്ന് ഓര്‍മിപ്പിച്ച് മാത്യൂ ടി തോമസ്
X

സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ നേരിട്ട സല്യൂട്ട് അനുഭവം പങ്കുവച്ച് മാത്യൂ ടി തോമസ്. 2006ല്‍ സെക്രട്ടറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ പൊലീസുകാരില്‍ നിന്ന് നേരിട്ട സല്യൂട്ട് അനുഭവമാണ് മാത്യൂ ടി തോമസ് പങ്കുവയ്ക്കുന്നത്. നിര്‍ബന്ധത്താല്‍ ലഭിക്കുന്ന സല്യൂട്ടില്‍ ആദരവില്ലെന്നും അതുകൊണ്ട് തന്നെ അഹങ്കരിക്കാനൊന്നുമില്ലെന്നും കുറിപ്പിലൂടെ മാത്യൂ ടി തോമസ് പറയുന്നു.

മാത്യൂ ടി തോമസ് പറഞ്ഞത്:

സല്യൂട്ട്: ആ ദിവസത്തിനു ശേഷം. 2006 ലെ ഒരു മന്ത്രിസഭായോഗദിനം ഇന്നും ഓര്‍മയില്‍. വി എസ്സ് മുഖ്യമന്ത്രി; എന്റെ വകുപ്പ് 'ഗതാഗതം, അച്ചടി, സ്റ്റേഷനറി'.

മന്ത്രിസഭായോഗത്തിനായി സെക്രട്ടറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ കാറില്‍ വന്നിറങ്ങി. മുന്നില്‍ 3 മന്ത്രിമാര്‍ കയറിപോവുന്നത് കാണാം. (പേരുകള്‍ പറയുന്നില്ല)

ഓരോരുത്തരെയും വാതില്‍ക്കല്‍ നില്‍ക്കുന്ന കാക്കിധാരികള്‍ സല്യൂട്ട് ചെയ്യുന്നു. ഓരോ മന്ത്രിക്കും ഒരൊന്നൊന്നര സല്യൂട്ട്!

ഒരാള്‍ ആഞ്ഞു ചവുട്ടി, തോക്കെടുത്തു നെഞ്ചോടടുപ്പിക്കും, അതില്‍ ഒറ്റയടി! മറ്റെയാള്‍ നിവര്‍ന്നുനിന്ന് ആഞ്ഞൊരു ചവിട്ടും സല്യൂട്ടും...

ആസ്വദിച്ചു പോയാല്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. മുന്നില്‍ 3 പേര് കയറിപ്പോയതിനു പിന്നാലെ അന്നത്തെ ഏറ്റവും ജൂനിയര്‍ ആയ ഞാനും.. ചവിട്ടുകളും അടിയും സല്യൂട്ടും ഒക്കെ മുറ പോലെ കിട്ടി. ഒരു മിനിറ്റിനുള്ളില്‍ 4 തവണ.. ഹോ! വാതില്‍ കടന്നു അകത്തേക്ക് കാല്‍ വച്ചപ്പോഴാണ് ഞാന്‍ കേട്ടത്.... ആ പാവങ്ങള്‍ തമ്മില്‍ പറയുന്നു.

'ഈ ____മാര്‍ ഒന്നിച്ചിങ്ങു വന്നിരുന്നെങ്കില്‍ ഒറ്റ ചവുട്ടില്‍ നിര്‍ത്താമായിരുന്നു' കറക്ട്...! ഞാന്‍ 2 ചുവടു പിന്നിലേക്ക് നടന്നു. സൗമ്യമായി പറഞ്ഞു 'അടുത്ത തവണ മുതല്‍ ഞാനാരുടെയെങ്കിലും കൂടെ വന്നുകൊളളാം'

ആ വാക്ക് ഞാന്‍ പാലിച്ചു പിന്നീട് മന്ത്രിയായപ്പോഴും. (മന്ത്രിസഭായോഗങ്ങള്‍ക്കു പോവുമ്പോള്‍) അവര്‍ എന്നെ ഒരു സത്യം പഠിപ്പിച്ചു.. ആദരവിലല്ല സല്യൂട്ട്; നിര്‍ബന്ധത്താലാണ്. അതുകൊണ്ടുതന്നെ സല്യൂട്ട് കിട്ടുന്നതില്‍ അഹങ്കരിക്കാനൊന്നുമില്ലെന്നും...


അതേസമയം, സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ തനിക്ക് നേരെ തെറിവിളി അധിക്ഷേപങ്ങള്‍ നടത്തുന്ന ബിജെപി അനുഭാവികള്‍ക്ക് മറുപടിയുമായി പത്മജ വേണുഗോപാല്‍ രംഗത്തെത്തി. സുരേഷ് ഗോപിയെ ആരെങ്കിലും സല്യൂട്ട് ചെയ്താല്‍ അതിലൊരു തെറ്റും കാണുന്നില്ലെന്നും എന്നാല്‍ താന്‍ സൂചിപ്പിച്ചത് സല്യൂട്ട് ചോദിച്ചു വാങ്ങിയതിലെ അനൗചിത്യമാണെന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി. സുരേഷ് ഗോപി പ്രയോഗിച്ച വാക്കുകള്‍ ധിക്കാരത്തിന്റെയും സംസ്‌കാര ശൂന്യതയുടെതുമാണ്. ഒരു ജനപ്രതിനിധി അത്തരം വാചകങ്ങള്‍ പറയാന്‍ പാടില്ലെന്നും പത്മജ പറഞ്ഞു.

പത്മജ വേണുഗോപാല്‍ പറഞ്ഞത്: എം.പിക്ക് എതിരെ ഞാന്‍ നടത്തിയ മാന്യമായ വിമര്‍ശനത്തിന് എന്നെ നിലവാരം കുറഞ്ഞ ഭാഷയില്‍ അധിക്ഷേപിക്കുന്നവരോട്.

എന്റെ വിമര്‍ശനത്തിലെ പ്രധാന പോയിന്റ് 'നരേന്ദ്ര മോദി ഈ രാജ്യത്തെ പാവപ്പെട്ട കര്‍ഷകരെ പുതിയ കാര്‍ഷിക നിയമം നടപ്പിലാക്കി ദുരിതത്തില്‍ ആക്കിയിരിക്കുന്ന ഈ സമയത്ത്, തൃശ്ശൂരില്‍ വന്ന് കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ വാചകങ്ങള്‍ കാപട്യം ആയെ കാണാന്‍ കഴിയൂ' എന്നാണ്. പ്രമുഖനായ MP തന്നെ വിമര്‍ശിച്ചവര്‍ക്കു നേരെ പറഞ്ഞ വാചകങ്ങള്‍, 'പന്നന്‍മാര്‍', 'നിന്റെ ഒക്കെ അണ്ണാക്കില്‍ തള്ളി തരാം' തുടങ്ങിയ ധിക്കാരത്തിന്റെയും സംസ്‌കാര ശൂന്യതയുടെയും ആണ്. ഒരു ജനപ്രതിനിധി ഇത്തരം വാചകങ്ങള്‍ പറയാന്‍ പാടില്ല.

സിനിമയില്‍ നിയമം എപ്പോഴും പറഞ്ഞ് രാഷ്ട്രീയ ഭരണാധികാരികളെ പരിഹസിച്ചു കൈയടി വാങ്ങിയ അദ്ദേഹം ഒരു ജനപ്രതിനിധി ആയപ്പോള്‍ സല്യൂട്ട് അവശ്യപ്പെട്ടു, എം.പി, എം.എല്‍.എമാര്‍ക്ക് നിയമ പരമായി സല്യൂട്ടിനു അര്‍ഹത ഇല്ല എന്ന് സൂചിപ്പിച്ചു എന്ന് മാത്രം. അദ്ദേഹത്തെ ആരെങ്കിലും സല്യൂട്ട് ചെയ്താല്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. പക്ഷെ ചോദിച്ചു സല്യൂട്ട് വാങ്ങിയതിലെ അനൗചിത്യത്തെ സൂചിപ്പിച്ചു എന്ന് മാത്രം.

ഞാന്‍ ജീവിക്കുന്നത് എന്റെ ഭര്‍ത്താവിന്റെ ചെലവില്‍ ആണ്. കെ.പി.സി.സി ഭവന പദ്ധതിക്ക് 5 ലക്ഷം രൂപ ഞാന്‍ നല്‍കിയിട്ടുണ്ട്. അതിനും മുമ്പും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കു വീടു ഞാന്‍ വെച്ച് നല്‍കിയിട്ടുണ്ട്. എന്റെ അടുത്ത് സഹായം ചോദിച്ച നിരവധി പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്, പക്ഷെ അത് ഞാന്‍ വിളിച്ചു കൂവി പരസ്യം നല്‍കി പറയാറില്ല. സഹായം ചോദിച്ച എല്ലാവരെയും സഹായിക്കാനും എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്.

ഞാന്‍ അച്ഛന്റെ തഴമ്പില്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നു എന്ന് പറയുന്നവരോട്. അച്ഛന്‍ മരിച്ചിട്ടു 11വര്‍ഷം ആകുന്നു. ഇപ്പോള്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം വ്യക്തിത്വത്തിലും പരിശ്രമത്തിലും തന്നെ ആണ്. ഇപ്പോള്‍ എനിക്ക് താങ്ങും തണലുമായി ഉള്ളത് തൃശ്ശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്നെ സ്‌നേഹിക്കുന്ന ജനങ്ങളും ആണ്. കഴിഞ്ഞ രണ്ട് ഇലക്ഷനുകളും സാധാരണ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ശക്തിയില്‍ ആണ് ഞാന്‍ നേരിട്ടത്. എന്റെ പാര്‍ട്ടിയാണ് ഞാന്‍ രാഷ്ട്രീയത്തില്‍ എന്ത് ആകണം, ആകണ്ട എന്ന് തീരുമാനിക്കുന്നത്. എന്റെ പ്രവര്‍ത്തനങ്ങളും ഞാന്‍ ഇടപെടുന്ന രീതിയും എന്റെ സംസാര ശൈലിയും എന്നെ അറിയുന്ന തൃശ്ശൂരിലെ ജനങ്ങള്‍ക്ക് അറിയാം..

മരിച്ചു പോയ എന്റെ അച്ഛനെ അധിക്ഷേപിക്കുക, എന്നെ അധിക്ഷേപിക്കുക, സോണിയ ഗാന്ധിയെ ഇറ്റലിക്കാരി എന്ന് വിളിച്ചു അധിക്ഷേപിക്കുക ഒക്കെ ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാന്‍ ഒള്ളൂ 'നിങ്ങളെ പേടിച്ച് ഓടി ഒളിക്കുന്നവള്‍ അല്ല പത്മജ' .. Just remember that....

Next Story