Top

'മാർക്ക് ജിഹാദ്'; മലയാളി വിദ്യാർത്ഥികള്‍ക്കെതിരായ ആരോപണം സംഘടിത നീക്കമെന്ന് മന്ത്രി ശിവന്‍കുട്ടി

'മെറിറ്റേതര' കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.

7 Oct 2021 3:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാർക്ക് ജിഹാദ്; മലയാളി വിദ്യാർത്ഥികള്‍ക്കെതിരായ ആരോപണം സംഘടിത നീക്കമെന്ന് മന്ത്രി ശിവന്‍കുട്ടി
X

ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ 'മാർക് ജിഹാദ്' ആരോപണത്തെ കരുതാനാകുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം തേടുന്ന വിദ്യാർഥികളെ ചെറിയ കാരണങ്ങൾ പറഞ്ഞ് പ്രവേശനത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് മാർക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ. 'മെറിറ്റേതര' കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കാൻ കേരളത്തിൽ നിന്നും മാർക് ജിഹാദ് നടക്കുന്നുണ്ടെന്ന ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ പരാമർശത്തിന് പിന്നാലെ വലിയ വിമർശനമാണ് ഉയരുന്നത്. ഒരു വിഭാ​ഗം വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് രാകേഷ് പാണ്ഡെയുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐയുൾപ്പെടെ രം​ഗത്തെത്തി. ഇടതുപക്ഷ കേന്ദ്രമായി അറിയപ്പെടുന്ന കേരളം എല്ലാ കുട്ടികൾക്കും ആവശ്യത്തിലധികം മാർക്ക് നൽകി ഡൽഹി യൂണിവേഴ്സിറ്റിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് രാകേഷ് കുമാർ പാണ്ഡെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

വംശീയച്ചുവയുള്ള പരാമർശമാണ് രാകേഷ് കുമാറിന്റെ ഭാ​ഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കേരളത്തിൽ നിന്നെത്തുന്ന കുട്ടികൾക്ക് ഹിന്ദിയിലോ ഇം​ഗ്ലീഷിലോ സംസാരിക്കാൻ പറ്റുന്നില്ല. എന്നിട്ടും ഇവർ ഇത്തരം യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുന്നതിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനു​ദാഹരണായി ചൂണ്ടിക്കാട്ടുന്നത് ജെഎൻ.യു സർവകലാശാലയാണ്. ഇടതുപക്ഷം ജെഎൻയു കൈയ്യടക്കിയതു പോലെ ഡൽഹി സർവകലാശാലയും കൈയടക്കാനുള്ള ശ്രമമാണെന്നുമാണ് രാകേഷ് പാണ്ഡെയുടെ വാദം.

"വിദ്യാർത്ഥികൾക്ക് കേരള ബോർഡ് 100 ശതമാനം മാർക്ക് നൽകുന്ന പ്രതിഭാസം സാധാരണല്ല. ഈ വിദ്യാർത്ഥികൾക്ക് ഹിന്ദിയിലോ ഇം​ഗ്ലീഷിലോ സംസാരിക്കാൻ പറ്റുന്നില്ല. പക്ഷെ അവർ ഡൽഹി യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുക്കുന്നു. ഇതിനു പിന്നിൽ ​​ഗൂഢാലോചനയും ആസൂത്രണവും ഉണ്ട്. കേരളം ഇടതുപക്ഷ ഹബ്ബായാണ് അറിയപ്പെടുന്നത്. ജെഎൻയു അവരുടെ നിയന്ത്രണത്തിലാണ്. പക്ഷെ ഡൽഹി യൂണിവേഴ്സിറ്റിയിെ അവർക്ക് കൈപ്പിടിയിലാക്കാനായിട്ടില്ല. വിദ്യാർത്ഥികൾക്ക് 100 ശതമാനം മാർക്ക് ലഭിച്ചാൽ ഡൽഹി യൂണിവേഴ്സിറ്റിയിലേക്കെത്താൻ എളുപ്പമാണെന്ന് അവർക്കറിയാം. അവരത് ചെയ്യുന്നതിന് എന്തെങ്കിലും കാരണമുണ്ടാവും," സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനു പിന്നാലെ രാകേഷ് പാണ്ഡെ പ്രതികരിച്ചതിങ്ങനെയാണ്. ആർഎസ്എസുമായി ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രന്റിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

Next Story