Top

രാഖിലിന് തോക്ക് നല്‍കിയ ബിഹാർ സ്വദേശികളെ കേരളത്തിലെത്തിച്ചു; അന്വേഷണം നിർണ്ണായക ഘട്ടത്തില്‍

മുപ്പത്തി അയ്യായിരം രൂപയ്ക്കാണ് രാഖിലിന് തോക്ക് വിറ്റതെന്നാണ് പ്രതികളുടെ മൊഴി

8 Aug 2021 3:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഖിലിന് തോക്ക് നല്‍കിയ ബിഹാർ സ്വദേശികളെ കേരളത്തിലെത്തിച്ചു; അന്വേഷണം നിർണ്ണായക ഘട്ടത്തില്‍
X

കൊച്ചി: കോതമംഗലത്ത് മെഡിക്കല്‍ വിദ്യാർഥിനിയായ മാനസയുടെ കൊലപാതകക്കേസില്‍ രാഖിലിന് തോക്ക് നല്‍കിയ ബിഹാർ സ്വദേശികളെ കേരളത്തിലെത്തിച്ചു. കഴിഞ്ഞദിവസം ബിഹാറില്‍ നിന്ന് അറസ്റ്റുചെയ്ത സോനു കുമാര്‍ മോദി, മനേഷ് കുമാര്‍ വര്‍മ എന്നിവരെ ആലുവ റൂറല്‍ എസ് പി ഓഫീസില്‍ എത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കും.

കള്ള തോക്ക് നിര്‍മാണത്തിന്റെയും വില്‍പ്പനയ്ക്കും കുപ്രസിദ്ധമായ മുന്‍ഗറില്‍ നിന്നാണ് ഇന്നലെ സോനു കുമാര്‍ മോദിയെ കേരള പോലീസ് സാഹസികമായി പിടികൂടിയത്. സോനു കുമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ മനേഷ് കുമാറിന്റെ അറസ്റ്റു ചെയ്തത്.

ബിഹാര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു ഇരുവരുടെയും അറസ്റ്റ്. പിന്നീട് പ്രതികളെ ബിഹാറില്‍ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയാണ് പ്രതികളെ കേരളത്തില്‍ എത്തിച്ചത്. മുപ്പത്തി അയ്യായിരം രൂപയ്ക്കാണ് രാഖിലിന് തോക്ക് വിറ്റതെന്നാണ് പ്രതികളുടെ മൊഴി. 20 ഓളം തോക്കുകള്‍ ഇത്തരത്തില്‍ കേരളത്തിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ പ്രതികള്‍ രാഖിലിന് തോക്കുകൈമാറുന്നതിന്റേയും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാഖില്‍ തോക്ക് വാങ്ങാന്‍ മുനഗളിലേക്ക് പോകുന്നതിന്റേ ഉള്‍പ്പെടെ ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചത്. പ്രതികളിലൊരാളായ മനേഷ് കുമാറിന്റെ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മാനസയെ കൊല്ലാന്‍ ഉപയോഗിച്ച അതേ തോക്ക് ഉപയോഗിച്ചാണ് പരിശീലനം നടത്തുന്നതെന്ന നിഗമനത്തിലാണ് പൊലീസ്.




Next Story