Top

ആലുവയില്‍ ഡോക്ടറെ മര്‍ദ്ദിച്ചയാള്‍ പിടിയില്‍; അറസ്റ്റ് ഐഎംഎയുടെ സമരത്തിന് പിന്നാലെ

14 Aug 2021 7:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലുവയില്‍ ഡോക്ടറെ മര്‍ദ്ദിച്ചയാള്‍ പിടിയില്‍; അറസ്റ്റ് ഐഎംഎയുടെ സമരത്തിന് പിന്നാലെ
X

ആലുവയില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയില്‍. എടത്തല സ്വദേശി കുഞ്ചാട്ടുകര പീടികപ്പറമ്പില്‍ മുഹമ്മദ് കബീര്‍ (36) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുക്കാട്ടുപടിയില്‍ സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ജീസണ്‍ ജോണിയെ മര്‍ദിച്ച സംഭവത്തിലാണ് നടപടി.

കേസില്‍ നടപടി വൈകുന്നു എന്ന് അരോപിച്ച് ആരോഗ്യ മന്ത്രിക്കെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ പരസ്യ പ്രതികരണം ഉയര്‍ത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാള്‍ വെള്ളിയാഴ്ച രാത്രിയോടെ പോലീസിന് മുന്നില്‍ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം മൂന്നാം തീയതി ഉച്ചക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുമ്പിലാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്. പ്രതി ഭാര്യയും ഒമ്പതു വയസുള്ള കുട്ടിയുമായി ചികിത്സക്കെത്തിയതിന് പിന്നാലെയായിരുന്നു വിഷയത്തിന് തുടക്കം. കൊവിഡ് രോഗ ബാധിതയായ യുവതി ആശുപത്രിയിലെത്തുമ്പോള്‍ നെഗറ്റീവായിരുന്നതായി പറയുന്നു. കുട്ടിക്ക് പനിയും വയറുവേദനയും ഉണ്ടായിരുന്നു. കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്.

സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് ഐഎംഎ കഴിഞ്ഞ ദിവസം പരസ്യ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായെ അതിക്രമം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന വീണാ ജോര്‍ജിന്റെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയില്‍ പ്രതിഷേധമറിയിച്ചായിരുന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിഷേധിച്ചത്. പ്രസ്താവന ശരിയായില്ലെന്ന് പറഞ്ഞ ഐഎംഎ അതിക്രമങ്ങള്‍ മുഴുവന്‍ വീണ ജോര്‍ജ് മന്ത്രിയായ ശേഷമാണെന്നും ആരോപിച്ചു. മന്ത്രിക്കെതിരെ കടുത്ത നടപടിയില്ലെങ്കില്‍ വാക്‌സിനേഷനടക്കം നിര്‍ത്തി വെക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story