Top

'ചരിത്രത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ താലിബാനെയാണ് ഓര്‍മ്മിപ്പിക്കുന്നത്'; പി ശ്രീരാമകൃഷണന്‍

ഏറനാട്ടിലെ എഴുതപ്പെട്ട ചരിത്രങ്ങളും പാടി പതിഞ്ഞ പാട്ടുകളും ആഴത്തില്‍ പടര്‍ത്തിയ സമരഗാഥകളെ മാറ്റിയെഴുതാന്‍ സങ്കുചിത മതബോധങ്ങള്‍ക്കാവില്ല.

25 Aug 2021 9:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചരിത്രത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ താലിബാനെയാണ് ഓര്‍മ്മിപ്പിക്കുന്നത്; പി ശ്രീരാമകൃഷണന്‍
X

മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ വിമര്‍ശനവുമായി മുന്‍ നിയമസഭാ സ്പീക്കറും സിപിഐഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്‍. ഹിന്ദുസ്ഥാന്‍ വാദം ഇളകാതുറപ്പിക്കാനും ഗാന്ധി 'മരണപ്പെട്ടതാണ് ' എന്ന് വിശ്വസിപ്പിക്കാനും അമുസ്ലിമുകളായ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനും നടത്തുന്ന തീവ്രയത്‌നങ്ങളുടെ തുടര്‍ച്ചയിലാണ് മലബാര്‍ കലാപത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ശ്രീരാമകൃഷ്ണന്റെ പ്രതികരണം.

ചരിത്രം ചിലര്‍ വ്യാഖ്യാനിക്കുമ്പോള്‍ അവിടെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമൊക്കെ ഇസ്ലാംമത വിശ്വാസികള്‍ മാത്രമായി തീരുകയാണ്. മലബാര്‍ കലാപത്തില്‍ പങ്കാളികളായ നിരവധി നായന്‍മാരും ഈഴവരുമെല്ലാം സ്ഥാനാന്തരപ്പെട്ടേക്കാമെന്നും ശ്രീരാമ കൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ചരിത്രത്തെ ഭയന്ന് ചരിത്രത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ നസര്‍ അഹമ്മദിന്റെ ഹാസ്യത്തെ പോലും ഭയക്കുന്ന താലിബാനെയാണ് ഓര്‍മ്മിപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം-

ഭൂതകാലം രേഖപ്പെടുത്തല്‍ മാത്രമല്ല ചരിത്രരചന. വര്‍ത്തമാന കാലത്തിന് വേണ്ടത് കണ്ടെടുക്കല്‍ കൂടിയാണത്.

ഹിന്ദുസ്ഥാന്‍ വാദം ഇളകാതുറപ്പിക്കാനും ഗാന്ധി 'മരണപ്പെട്ടതാണ് ' എന്ന് വിശ്വസിപ്പിക്കാനും അമുസ്ലിമുകളായ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനും നടത്തുന്ന തീവ്രയത്‌നങ്ങളുടെ തുടര്‍ച്ചയിലാണ് മലബാര്‍ കലാപത്തിന്റെ ചരിത്രം 'കണ്ടെടുക്കല്‍' നടക്കുന്നത്.

അവിടെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമൊക്കെ ഇസ്ലാംമത വിശ്വാസികള്‍ മാത്രമായി തീരുന്നു. മലബാര്‍ കലാപത്തില്‍ പങ്കാളികളായ നിരവധി നായന്‍മാരും ഈഴവരുമെല്ലാം സ്ഥാനാന്തരപ്പെട്ടേക്കാം.

മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു പഠന റിപ്പോര്‍ട്ടിന്റെ ബലത്തില്‍ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് അത്ര എളുപ്പമല്ല.

വാഗണ്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവരുടെ ശ്വാസത്തിന്റെ ചൂട് നമ്മുടെ സ്മരണകളില്‍ തീ പടര്‍ത്താറുണ്ട് ഇപ്പോഴും.

ഏറനാട്ടിലെ എഴുതപ്പെട്ട ചരിത്രങ്ങളും പാടി പതിഞ്ഞ പാട്ടുകളും ആഴത്തില്‍ പടര്‍ത്തിയ സമരഗാഥകളെ മാറ്റിയെഴുതാന്‍ സങ്കുചിത മതബോധങ്ങള്‍ക്കാവില്ല.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പോലും മതപരമായ കാരണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം.

ഗാന്ധിജി കണ്ട രാമരാജ്യം ദാശരഥി രാമന്റെ അല്ലെന്നും ധര്‍മ്മ രാജ്യമാണെന്നും ഗാന്ധിജിക്ക് തന്നെ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഉയര്‍ത്തി പിടിക്കാനുള്ള തനതു സ്വത്വങ്ങളായിരുന്നു ഓരോ ഘട്ടത്തിലും നമുക്ക് മതവും ആചാരങ്ങളുമെല്ലാം.

ബ്രിട്ടീഷ് കാര്‍ക്കെതിരെ എന്ന പോലെ ആ സമരങ്ങള്‍ അവര്‍ക്ക് വിടുപണി ചെയ്ത അധികാര മോഹികളായ ജന്‍മികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉള്ളതു കൂടിയായത് സ്വാഭാവികം.

മതം പലപ്പോഴും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് സങ്കുചിതവും വിശാല മാനവികതയ്ക്ക് എതിരും ആകാറുണ്ട് എന്നത് എന്നത്തേയും ദൗര്‍ഭാഗ്യമാണ്.

ഗാന്ധിജിയും തിലകനുമൊക്കെ തങ്ങളുടെ സമരായുധമാക്കിയ അതേ ഗീത തന്നെയാണല്ലോ അതിന്റെ തത്വ വ്യാഖ്യാനങ്ങളില്‍ നിന്നടര്‍ത്തിമാറ്റി ഭക്തിക്ക് മാത്രമാകുന്നത്.

ഗാന്ധിജി അടക്കമുള്ളവര്‍ സായുധ സമരരീതിയുടേയും മത ഇടപെടലുകളുടേയും പേരില്‍ മലബാര്‍ കലാപത്തെ വിമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ ഖിലാഫത്തിനു വേണ്ടിയാണ് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത് എന്നതും ചരിത്രമാണ്.

ഒന്നും വിമര്‍ശനാതീതമാണ് എന്നല്ല, എന്നാല്‍ മലബാര്‍ കലാപം കേവലം മാപ്പിളമാരുടെ ലഹളയായിരുന്നില്ല, അതിനു പിന്നിലെ ശക്തമായ ബ്രിട്ടീഷ് വിരോധം നിഷേധിക്കാനാവാത്തതാണ്. അതു കൊണ്ടു തന്നെ അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗവുമാണ്.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ അച്ഛന്റെ വീറ് സിരകളില്‍ ഏറ്റുവാങ്ങിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിഭാവനം ചെയ്ത മലയാള രാജ്യം ഏതെങ്കിലും മതത്തെ മാത്രം ഉള്‍ക്കൊള്ളുന്നതോ ഏതെങ്കിലുമൊന്നിനെ പുറന്തള്ളുന്നതോ ആയിരുന്നില്ലല്ലോ!

ചരിത്രം തമസ്‌കരിച്ച ധീര ദേശാഭിമാനികളെ കണ്ടെത്തി രേഖപ്പെടുത്തി ചരിത്രത്തോടും ദേശത്തോടും നീതി പുലര്‍ത്തുന്നതിന് പകരം നാടിനു വേണ്ടി മെയ് മറന്ന് അടരാടിയവരെ അപഹസിക്കാന്‍ നടത്തുന്ന ഇത്തരം യത്‌നങ്ങളെ എന്ത് പേരിട്ട് വിളിക്കണം?

ദേശസ്‌നേഹത്തിന്റെ പേരു പറഞ്ഞ് വര്‍ഗ്ഗീയത വിളമ്പുന്നവര്‍ ഇപ്പോഴും ബ്രിട്ടീഷുകാര്‍ വച്ചു തന്ന കണ്ണടയിലൂടെയാണ് നമ്മുടെ ദേശത്തെയും ചരിത്രത്തെയും കാണുന്നത്.

ചരിത്രത്തെ ഭയന്ന് ചരിത്രത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ നസര്‍ അഹമ്മദിന്റെ ഹാസ്യത്തെ പോലും ഭയക്കുന്ന താലിബാനെയാണ് ഓര്‍മ്മിപ്പിക്കുന്നത്.


Next Story