Top

'രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ആശയം സവര്‍ക്കറിന്റേത്, ജിന്ന അത് ഏറ്റെടുക്കുകയായിരുന്നു'; എംബി രാജേഷ്

ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് ന്യൂനപക്ഷ വര്‍ഗീയതയാണ്

1 Sep 2021 4:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ആശയം സവര്‍ക്കറിന്റേത്, ജിന്ന അത് ഏറ്റെടുക്കുകയായിരുന്നു; എംബി രാജേഷ്
X

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ആശയം ആദ്യം അവതരിപ്പിച്ചത് ആർഎസ്എസ് സെെദ്ധാന്തികനായിരുന്ന വിഡി സവര്‍ക്കറായിരുന്നെന്ന് സ്പീക്കർ എംബി രാജേഷ്. 1937-ല്‍ അഖില്‍ ഭാരത് ഹിന്ദുമഹാസഭയുടെ അധ്യക്ഷ പ്രസംഗത്തിലാണ് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക രാഷ്ട്രം വേണമെന്ന വാദം സർവർക്കർ മുന്നോട്ടുവെച്ചത്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒന്നിച്ചുകഴിയാന്‍ സാധിക്കില്ലെന്നായിരുന്നു സവർക്കറുടെ വാദം. പിന്നീട് ജിന്ന അതേറ്റെടുക്കുകയായിരുന്നു എന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

യഥാര്‍ഥ വിശ്വാസിക്ക് വര്‍ഗീയവാദിയാകാന്‍ സാധിക്കില്ലെന്നും സ്പീക്കർ പറഞ്ഞു. മതവും വര്‍ഗീയതയും രണ്ടാണ്. സവര്‍ക്കറോ ജിന്നയോ വിശ്വാസികളായിരുന്നില്ല. മതവിശ്വാസിക്ക് വര്‍ഗീയവാദിയാകാന്‍ സാധിക്കില്ല. മതവിശ്വാസിയായിരുന്ന ഗാന്ധിജി വര്‍ഗീയവാദിയായിരുന്നില്ല.

മതമല്ല, മതത്തിന്റെ രാഷ്ട്രീയവത്കരണമാണ് വര്‍ഗീയതയ്ക്ക് കാരണം. അതുകൊണ്ടു തന്നെ മതത്തിന്റെ രാഷ്ട്രീയവത്കരണം അപകടകരമാണ്. രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് ന്യൂനപക്ഷ വര്‍ഗീയതയാണ്. രണ്ടും പരസ്പരം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഭരണത്തിലേറാന്‍ സാധ്യത ഭൂരിപക്ഷ വര്‍ഗീയത ആയതിനാല്‍ അതിനെ കൂടുതല്‍ അപകടകരമായി പരിഗണിക്കണമെന്നും എംബി രാജേഷ് പറഞ്ഞു.

Next Story