Top

ചെയ്ത തെറ്റ് തിരുത്തിയാല്‍ ആര്‍എസ്പിയെ ഒപ്പംകൂട്ടുമെന്ന് സിപിഐഎം; 'ഒരിക്കല്‍ വഞ്ചിച്ചുപോയവരാണ്'

തെറ്റ് തിരുത്തി വന്നാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി

15 Sep 2021 3:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെയ്ത തെറ്റ് തിരുത്തിയാല്‍ ആര്‍എസ്പിയെ ഒപ്പംകൂട്ടുമെന്ന് സിപിഐഎം; ഒരിക്കല്‍ വഞ്ചിച്ചുപോയവരാണ്
X

തെറ്റ് തിരുത്തി വന്നാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഒരു തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ എല്‍ഡിഎഫിനെ വഞ്ചിച്ച് പോയവരാണെങ്കിലും അത് എപ്പോഴും ഓര്‍ത്തിരിക്കുന്നവരല്ല എല്‍ഡിഎഫ്, ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് തിരിച്ചവരികയാണെങ്കില്‍ ഒപ്പം കൂട്ടുന്നതിനെകുറിച്ച് നേതൃത്വം ആലോചിക്കുമെന്നും ആണ് എംഎ ബേബി പറഞ്ഞത്.

'ആര്‍എസ്പി ഒരു തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍വെച്ച് യാതൊരു തരത്തിലുള്ള രാഷ്ട്രീയമോ സംഘടനാപരമോ ഉള്ള ന്യായീകരണം ഇല്ലാതെ എല്‍ഡിഎഫിനെ വഞ്ചിച്ച് പോയവരാണ്. അത് എപ്പോഴും ഓര്‍ത്തിരിക്കുന്നവരല്ല ഞങ്ങള്‍. തെറ്റ് തിരുത്തി ശരിയായ രാഷ്ട്രീയ നിലപാട് എടുക്കുകയാണെങ്കില്‍ അതിനെക്കുറിച്ച് നേതൃത്വം ചര്‍ച്ച ചെയ്യാന്‍ കഴിയും.' ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എംഎ ബേബിയുടെ പ്രതികരണം.

യുഡിഎഫിന്റെ വിവിധ പാര്‍ട്ടികളില്‍ നിന്നും നേതൃത്വം മുതല്‍ പ്രവര്‍ത്തകര്‍ വരെ വലിയ തോതില്‍ ആളുകള്‍ എല്‍ഡിഎഫിലേക്ക് വരുമെന്നും അവര്‍ക്ക് നിരാശരാകേണ്ടി വരില്ലായെന്നും എംഎ ബേബി കൂട്ടിചേര്‍ത്തു. നിന്ന് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പലരും പാര്‍ട്ടി വിട്ടുവരുന്നതെന്നും എംഎ ബേബി പറഞ്ഞു.

'എല്‍ഡിഎഫിനൊപ്പമല്ലാത്ത പാര്‍ട്ടിയിലെ അണികളും നേതാക്കളും മുന്നണിയിലേക്ക് വരുന്നു. സിപിഐഎമ്മിലേക്ക് വരുന്നു. ഈ പ്രക്രിയ കേരളത്തില്‍ ശക്തിപ്പെടും. യുഡിഎഫിന്റെ പ്രധാനപ്പെട്ട പാര്‍ട്ടികളിലെല്ലാം ആഭ്യന്തര പ്രശ്‌നമാണ്. അതില്‍ കോണ്‍ഗ്രസും മുസ്ലീംലീഗുമാണ് ആന്തരികപ്രശ്‌നങ്ങള്‍ പ്രധാനമായും ഉള്ളത്.' എന്നായിരുന്നു എംഎ ബേബിയുടെ വാക്കുകള്‍.

Next Story