Top

കഴക്കൂട്ടം- കരോട് ടോള്‍ പിരിവ്; 'കേന്ദ്രം നിലപാട് വ്യക്തമാക്കണം', മുഖ്യമന്ത്രിക്ക് കത്തയച്ച് എം വിന്‍സെന്റ് എംഎല്‍എ

കേന്ദ്രം മറുപടി നല്‍കുന്നത് വരെ ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

26 Aug 2021 7:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഴക്കൂട്ടം- കരോട് ടോള്‍ പിരിവ്; കേന്ദ്രം നിലപാട് വ്യക്തമാക്കണം, മുഖ്യമന്ത്രിക്ക് കത്തയച്ച് എം വിന്‍സെന്റ് എംഎല്‍എ
X

പണിതീരാത്ത തിരുവനന്തപുരം കഴക്കൂട്ടം കരോട് ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം വിന്‍സെന്റ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു. അനധികൃത ടോള്‍ പിരിവിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകള്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് വിശ്വാസമെന്നും ഇത് സംബന്ധിച്ച് സംസ്ഥാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയക്കണമെന്നും വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതോടെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമായതായും വിന്‍സെന്റ് എംഎല്‍എ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ അടിയന്തരമായി നടപടി കാണുന്നതിന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയക്കേണ്ടതുണ്ട്. കേന്ദ്രം കൃത്യമായ മറുപടി നല്‍കുന്നത് വരെ ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും എംഎല്‍എ കത്തില്‍ കൂട്ടിച്ചേര്‍ത്തു.




പണിതീരാത്ത തിരുവനന്തപുരം കഴക്കൂട്ടം- കരോട് ബൈപ്പാസില്‍ ടോള്‍പിരിവ് നടത്തുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് ടോള്‍ പിരിവ് തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ടോള്‍ ഗേറ്റിന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് 285 രൂപയുടെ ഒരു മാസത്തെ പാസ് നല്‍കാം എന്നാണ് കരാര്‍ കമ്പനിയുടെ നിലപാട്. എന്നാല്‍ പ്രദേശവാസികള്‍ക്ക് യാത്ര സൗജന്യമാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെയും ടോള്‍ പിരിക്കാനുള്ള ശ്രമം നടന്നിരുന്നു. അന്ന് പ്രതിഷേധം ഉണ്ടായ പശ്ചാത്തലത്തില്‍ നടപടി മാറ്റിവെയ്ക്കുകയായിരുന്നു. അന്നത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് ധാരണ ആയ ശേഷമേ ടോള്‍ പിരിവ് തുടങ്ങൂ എന്നായിരുന്നു ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ ഇന്ന് രാവിലെയോടെ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്രത്തിന് കത്തയക്കണമെന്ന ആവശ്യവുമായി എംഎല്‍എ എം വിന്‍സെന്റ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

Next Story