Top

'ഒരു അയവും ഉണ്ടാവില്ല'; കൊച്ചി ലഹരിമരുന്ന് കേസില്‍ കര്‍ശന നടപടിയെന്ന് എംവി ഗോവിന്ദന്‍

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മാന്‍ കൊമ്പ് മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പുതിയ വിവരം

25 Aug 2021 8:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു അയവും ഉണ്ടാവില്ല; കൊച്ചി ലഹരിമരുന്ന് കേസില്‍ കര്‍ശന നടപടിയെന്ന് എംവി ഗോവിന്ദന്‍
X

ലഹരി മാഫിയയെ ഒതുക്കാന്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ഒരു തരത്തിലുള്ള അയവും ഉണ്ടാവില്ലെന്നും കര്‍ശന നിലപാട് സ്വകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

'എക്‌സൈസ് കമ്മീഷണറുമായി സംസാരിച്ചു. കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. എല്ലാ വിശദാംശങ്ങളും അന്വേഷിച്ച് കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതെല്ലാം ഉള്‍പ്പെടെ പരിശോധിച്ച് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു തരത്തിലുള്ള അയവേറിയ നിലപാടും സ്വീകരിക്കില്ല. ഉറച്ച നിലപാട് സ്വീകരിക്കാവാണ് സര്‍ക്കാര്‍ തീരുമാനം. മാഫിയ വിഭാഗത്തെ ഒതുക്കാന്‍ കര്‍ശന നിലപാട് എടുക്കും.' എന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
കൊച്ചിയില്‍ നിന്നും 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ വന്‍അട്ടിമറി നടന്നിട്ടുണ്ടെന്നാണ് സൂചന. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മാന്‍ കൊമ്പ് മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പുതിയ വിവരം. പ്രതികളില്‍ നിന്നും കിലോയിലേറെ എംഡിഎംഎ പിടികൂടിയിട്ടും എക്‌സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വെച്ച കേസ് മാത്രമെന്ന് വ്യക്തമായതിന് പിന്നാലെയാണ് പുതിയ വിവരം പുറത്ത് വരുന്നത്. അറസ്റ്റിലായ ചിലരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം.
അറസ്റ്റിലായ രണ്ട് യുവതികളില്‍ ഒരാളെയാണ് പ്രതിയാകാതെ ഒഴിവാക്കിയത്. പ്രതികളെ പിടിച്ചയുടന്‍ എക്‌സൈസ് എടുത്ത ഫോട്ടോയില്‍ 7 പ്രതികള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പുറത്തിറക്കിയ എക്‌സൈസ് വാര്‍ത്തകുറിപ്പിലും 7 പേരായിരുന്നു പ്രതികള്‍. പിന്നാലെയാണ് ഒരാളെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നത്. കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്ന് മാരകലഹരിമരുന്നായ എംഡിഎം എയുമായി യുവതികളടക്കം 7 പേര്‍ പിടിയിലായത് ആണ് കേസിന്റെ തുടക്കം. എന്നാല്‍ എഫ്‌ഐആറില്‍ യുവതി അടക്കം അഞ്ച് പ്രതികളില്‍ നിന്ന് 84 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിനാണ് അറസ്റ്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


Next Story