Top

ലൗ ജിഹാദ് പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് താമരശേരി രൂപത; 'പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക ലക്ഷ്യം'

ക്രിസ്ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ നിര്‍ത്താനായിരുന്നു പുസ്തകം തയ്യാറാക്കിയത്

16 Sep 2021 2:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൗ ജിഹാദ് പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് താമരശേരി രൂപത; പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക ലക്ഷ്യം
X

ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ വിവാദ കൈപുസ്തകത്തില്‍ വിശദീകരണവുമായി താമരശേരി രൂപത. ഏതെങ്കിലും മതവിഭാഗത്തോടുള്ള എതിര്‍പ്പു കൊണ്ടല്ല പുസ്തകം ഇറക്കിയതെന്നും ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്നും താമരശേരി രൂപത അറിയിച്ചു. ക്രിസ്ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ നിര്‍ത്താനായിരുന്നു പുസ്തകം തയ്യാറാക്കിയത്. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്നതും ലക്ഷ്യമായിരുന്നെന്ന് മതബോധന കേന്ദ്രം ഡയറക്ടര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

വര്‍ഗീയ പരാമര്‍ശങ്ങളും വിചിത്രവാദങ്ങളുമായിരുന്നു താമരശേരി രൂപതയുടെ കൈപുസ്തകത്തിലുണ്ടായിരുന്നത്. പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതര്‍ ആഭിചാരക്രിയ നടത്തുന്നുണ്ടെന്നും ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നും പുസ്തകത്തില്‍ പറഞ്ഞിരുന്നു. റംസാന്‍, ഈദ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വീടുകളിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നത് ലൗ ജിഹാദിന് വേണ്ടിയാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

''പെണ്‍കുട്ടികളെ വശീകരിക്കാനായി ഇസ്ലാം മതപുരോഹിതര്‍ വഴി ചെയ്യുന്ന ആഭിചാരക്രിയയാണ് കൈ വിഷം അഥവാ ഓതിക്കെട്ടല്‍. പെണ്‍കുട്ടിയുടെ പേനയോ തൂവാലയോ തലമുടിയോ മറ്റെന്തെങ്കിലും വസ്തുകള്‍ സ്വന്തമാക്കിയോ അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ പേര് പറഞ്ഞ് ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണപദാര്‍ത്ഥങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ ഓതിക്കെട്ടിയോ ഈ ആഭിചാരക്രിയ നടത്താറുണ്ട്.''പുസ്തകത്തില്‍ പറയുന്നു.

ലൗ ജിഹാദിന്റെ ഘട്ടങ്ങളും തിരിച്ചറിയാനുള്ള മാര്‍ഗങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. എന്താണ് ജിഹാദ് എന്ന വിശുദ്ധ യുദ്ധം, പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ, പ്രണയക്കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തുടങ്ങിയ തലക്കെട്ടുകളിലാണ് ലൗ ജിഹാദിനെക്കുറിച്ച് പറയുന്നത്. ഒന്‍പത് ഘട്ടങ്ങളായാണ് മതംമാറ്റം നടക്കുന്നത്. വളരെ ആസൂത്രിതമായാണ് ഇത് നടപ്പിലാക്കുന്നത്. പെണ്‍കുട്ടികളെ മതംമാറ്റുന്നവര്‍ക്ക് ഇസ്ലാമിക സംഘടനകള്‍ വന്‍തുക പ്രതിഫലം നല്‍കും. പെണ്‍കുട്ടികളെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതെല്ലാം ഇസ്ലാം തത്വപ്രകാരം തിന്‍മയല്ലെന്നും പുസ്തകത്തില്‍ താമരശേരി രൂപത വാദിച്ചിരുന്നു.

Next Story