ബെഹ്റ മുങ്ങിയതല്ല!; സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ നടത്താന്‍ പോയത്; വിശദീകരണം
മോന്‍സണു വേണ്ടി ലോക്നാഥ് ബെഹറ പലതവണ ഇടപെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരവെയാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
1 Oct 2021 1:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചതില്‍ വിശദീകരണവുമായി സുഹൃത്ത്. ലോക്നാഥ് ബെഹ്റ മുങ്ങിയതല്ലെന്നും ഒറീസ സിവില്‍ സര്‍വീസ് റിക്രൂട്മെന്റ്ന്റെ ഇന്റര്‍വ്യൂ ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ ഇന്റര്‍വ്യൂ നടത്താന്‍ പോയതാണെന്നും സുഹൃത്ത് വിശദീകരിച്ചു. ഭാര്യയുടെ ചികിത്സാര്‍ത്ഥം അവധിയില്‍ പ്രവേശിച്ചുവെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ടാണ് സുഹൃത്തിന്റെ അറിയിപ്പ്.
കൊച്ചിന് മെട്രോയില്‍ നിന്നും ലീവടുത്തു കേരളത്തില്‍ നിന്നും ബെഹറ മാറിനില്‍ക്കുകയാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മോന്സന് മാവുങ്കലുമായി ബെഹ്റക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് ബെഹ്റ കേരളത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
അതിനിടെ ലോക്നാഥ് ബെഹ്റയ്ക്കെതിരെ സംസ്ഥാന പൊലീസിലും രാഷ്ട്രീയ തലത്തിലും നീക്കമെന്ന് സൂചനകള്‍ ശക്തമാണ്. കേസന്വേഷണം പൂര്‍ത്തിയാവുന്നതു വരെയെങ്കിലും ബെഹ്റയെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ഇടതു രാഷ്ട്രീയത്തിലെ ചില തലങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. മോന്‍സണു വേണ്ടി ലോക്നാഥ് ബെഹറ പലതവണ ഇടപെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരവെയാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മോന്സണ് മാവുങ്കല്‍ വിവാദത്തില്‍ ആദ്യം മുതല്‍ പ്രതിക്കൂട്ടിലായിരുന്നു ലോക്നാഥ് ബെഹ്റ. മോന്‍സന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ആയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റയാണ് സുരക്ഷയൊരുക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കത്ത് നല്‍കിയത്. 2019 ല്‍ ജൂണിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അയച്ച കത്തുകളുടെ പകര്‍പ്പുകളും പുറത്ത് വന്നിരുന്നു. മോന്സണ് മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയത്. ചേര്‍ത്തല പൊലീസിന്റെ ബീറ്റ് ബോക്സുള്‍പ്പെടെ മോന്‍സന്റെ വീട്ടിലായിരുന്നു സ്ഥാപിച്ചത്.
മോന്സണ് മാവുങ്കലിന് എതിരെ അന്വേഷണം വേണമെന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശം ലോക്നാഥ് ബെഹ്റ ഗൗരവമായി കണ്ടില്ലെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മോന്‍സണിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം എതിര്‍ത്ത ലക്ഷമണയ്ക്ക് എതിരെയുള്ള നടപടിയും ലോക്നാഥ് ബെഹ്റ ഒതുക്കി. 2019ല്‍ കൊച്ചിയില്‍ നടന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ബെഹ്റ മനോജ് എബ്രഹാമിനെയും കൂട്ടി മോന്സണ് മാവുങ്കലിന്റെ വീട്ടിലേക്ക് പോയത്. എന്നാല്‍ മോന്‍സണിന്റെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മനോജ് എബ്രഹാം മോന്‍സണ്‍ന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അന്വേഷണം അനിവാര്യമാണെന്ന് ബെഹ്റയെ അറിയിച്ചുവെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.