Top

ബന്ധുവീട്ടില്‍ മോഷണം; പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍, പൊലീസിനെ വിളിച്ചതും പ്രതിതന്നെ

വീട്ടില്‍ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോള്‍ ജനല്‍ ഇളക്കിയ നിലയിലായിരുന്നു എന്നാണ് ഇയാള്‍ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞത്.

22 Aug 2021 3:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബന്ധുവീട്ടില്‍ മോഷണം; പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍, പൊലീസിനെ വിളിച്ചതും പ്രതിതന്നെ
X

പത്തനംതിട്ട: ബന്ധുവിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ചന്ദ്രമംഗലത്ത് ബിജു ആര്‍ പിള്ളയാണ് പിടിയിലായത്. പിതൃ സഹോദരനായ പെരുനാട് മാമ്പാറ എരുവാറ്റുപുഴ ഗോകുല്‍ വീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടില്‍ നിന്ന് 22 പവന്‍ സ്വര്‍ണവും 22,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

ഓഗസ്റ്റ് 11-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വർണ്ണം സൂക്ഷിച്ചിരുന്ന മുറിയുടെ ജനല്‍ ഇളക്കിമാറ്റിയായിരുന്നു മോഷണം. പിന്നാലെ മോഷണ വിവരം നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചതും പൊലീസില്‍ വിളിച്ചറിയിച്ചതും ബിജു തന്നെയായിരുന്നു.

മോഷണം നടത്തുന്ന സമയം പരമേശ്വരന്‍ പിള്ള ആശുപത്രിയിലായിരുന്നു. ആരുമില്ലാത്ത വീട്ടില്‍ നിന്ന് ശബ്ദം കേട്ട് ചെന്നുനോക്കിയപ്പോള്‍ ജനല്‍ ഇളക്കിയ നിലയിലായിരുന്നു എന്നായിരുന്നു ഇയാള്‍ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞത്.

തുടർന്ന് സംശയമുള്ള നിരവധി പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് വീടിന്റെ മുന്‍ഭാഗത്തെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിയാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെ വീടിനെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും നന്നായി അറിയുന്ന വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ബിജു പിടിക്കപ്പെട്ടത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായിരുന്നു ഇയാള്‍.

Next Story