Top

ഉദ്യോഗസ്ഥരിലെ എഴുത്തുകാര്‍ക്ക് ഇനി 'സര്‍ക്കാര്‍ എഡിറ്റിങ്'; കലാ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം

17 Sep 2021 11:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉദ്യോഗസ്ഥരിലെ എഴുത്തുകാര്‍ക്ക് ഇനി സര്‍ക്കാര്‍ എഡിറ്റിങ്; കലാ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം
X

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കലാ സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൂര്‍ പരിശോധിക്കണമെന്നും സര്‍ക്കാര്‍. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് വിദ്യാഭ്യാസവകുപ്പിന്റെ വിവാദ ഉത്തരവ്.

ഉദ്യോഗസ്ഥരുടെ സാഹിത്യ സൃഷ്ടി വിദ്യാഭ്യാസ ഉപയറക്ടര്‍ പരിശോധിച്ച് അനുകൂല റിപോര്‍ട്ട് നല്‍കിയാല്‍ മാത്രമേ ഇനി മുതല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കുമ്പോള്‍ പ്രവര്‍ത്തന മേഖല വ്യക്തമാക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തന മേഖലയും വ്യക്തമാക്കണം.

സാഹിത്യ സൃഷ്ടിയാണെങ്കില്‍ പ്രസിദ്ദീകരണ യോഗ്യമാണോയെന്ന് പരിശോധിക്കുക വിദ്യാഭ്യാസ ഉപഡയറക്ടര്‍. ഡിഡിഇയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ സൃഷ്ടികള്‍ കള്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദമുള്ളൂ. ഇതാണ് ഉത്തരവിലെ ഏറ്റവും വിവാദമായ ഭാഗം. ഒരാളുടെ സര്‍ഗസൃഷ്ടിയുടെ മൂല്യം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ണയിക്കുന്നതിനെയാണ് സര്‍ക്കുലറിനെ എതിര്‍ക്കുന്നവര്‍ ചോദ്യം ചെയ്യുന്നത്.

നിലവില്‍, പ്രതിഫലം വാങ്ങുകയോ സര്‍ക്കാര്‍ നയത്തിനെതിരായി പ്രവര്‍ത്തിക്കുകയോ എഴുതുകയോ ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് കലാപ്രവര്‍ത്തനത്തിന് അനുമതി നല്‍കുക. ടിവിയില്‍ വാര്‍ത്ത വായിക്കുന്നതിന് ഉള്‍പ്പെടെ അനുമതി ലഭിക്കും. ഇതിനിടെയാണു പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഇത്തരമൊരു നിര്‍ദേശം. ഇതില്‍ തന്നെ സാഹിത്യകൃതികളുടെ നിലവാരം അളക്കാന്‍ ഡിഡിമാര്‍ക്ക് എന്തു യോഗ്യതയാണുള്ളതെന്നു വ്യക്തമല്ല.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കലാസാഹിത്യ മേഖലകളില്‍ സജീവമായ അധ്യപകരടക്കം രംഗത്ത് വന്നിട്ടുണ്ട്. ഉത്തരവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ സമാനമായ നീക്കം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയപ്പോള്‍ വിവാദമായതിനെ പിന്നാലെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഡിഡിമാര്‍ക്ക് നിലവില്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ടു കനത്ത ജോലിഭാരമുണ്ടെന്നിരിക്കെയാണ് പുതിയ ഉത്തവരവാദിത്വം എന്നതും ശ്രദ്ധേയമാണ്.

Next Story

Popular Stories