Top

ചരിത്രം കുറിച്ച് വീണ്ടും 'ലൈഫ്'; 10,000 ഭവനങ്ങളില്‍ നാളെ ഗൃഹപ്രവേശം

17 Sep 2021 3:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചരിത്രം കുറിച്ച് വീണ്ടും ലൈഫ്; 10,000 ഭവനങ്ങളില്‍ നാളെ ഗൃഹപ്രവേശം
X

കേരള സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫ് പുതിയ ഉയരങ്ങള്‍ കുറിക്കുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 10,000 വീടുകള്‍ കൂടി ഗൃഹ പ്രവേശനത്തിന് ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. 10,000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തുമ്പോള്‍ നൂറു ദിന കര്‍മ പരിപാടിയില്‍ ഒരു ഇനം കൂടി നടപ്പിലാക്കപ്പെടുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭൂരഹിത, ഭവനരഹിതര്‍ക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ പുതിയ നാഴികകല്ലാണ് 10,000 വീടുകള്‍ കൂടി അടയാളപ്പെടുത്തുകയാണു സംസ്ഥാന സര്‍ക്കാര്‍ എന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഒന്നാം പിണറായി സര്‍ക്കാറിന്റെ 2016 2021 കാലയളവില്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 26,2131 വീടുകളാണ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവന സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇതിനു പുറമെ 17 ഭവന സമുച്ചയങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു. 2021 2026 വരെയുള്ള അഞ്ചുവര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം വീടുകള്‍ വീതം പൂര്‍ത്തിയാക്കി അഞ്ചു ലക്ഷം വ്യക്തിഗത വീടുകള്‍ നിര്‍മിക്കുന്നതിനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന ചടങ്ങില്‍ നവകേരളം കര്‍മ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമയും തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പി.ബി. നൂഹും പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഭവനരഹിതരില്ലാത്ത കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ആ മഹത്തായ ലക്ഷ്യത്തിലെയ്ക്ക് അടിയുറച്ച കാൽവയ്പുകളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 12,067 വീടുകളുടെ നിർമ്മാണമാണ് ഈ കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കിയിരിക്കുന്നത്. ഇതില്‍ 10,058 വീടുകള്‍ ലൈഫ് മിഷന്‍ മുഖേനയും 2,009 വീടുകള്‍ പി.എം.എ.വൈ. (നഗരം) പദ്ധതി മുഖേനയുമാണ് നിർമ്മിച്ചത്. ഇവയില്‍ 7,832 വീടുകള്‍ ജനറല്‍ വിഭാഗത്തിനും 3,358 വീടുകള്‍ പട്ടികജാതി വിഭാഗത്തിനും 606 വീടുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 271 വീടുകള്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതിനു പുറമെ 17 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി കൂടി സ്വീകരിച്ചിട്ടുണ്ട്. വരുന്ന അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആ ലക്ഷ്യം നിറവേറ്റാൻ നമുക്ക് ഒരുമിച്ച് നിൽക്കാം.

Popular Stories

    Next Story