Top

തുടക്കത്തിലേ നിര്‍മ്മാണം നിലച്ച് ആലപ്പുഴയില്‍ ലൈഫ് ഭവനസമുച്ചയം

കരാറുകാര്‍ക്കുള്ള പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഭൂരഹിതര്‍ക്കുള്ള ഫ്‌ലാറ്റ് നിര്‍മ്മാണം നിലച്ചത്.

8 Aug 2021 1:23 AM GMT
അനുശ്രീ പി.കെ

തുടക്കത്തിലേ നിര്‍മ്മാണം നിലച്ച് ആലപ്പുഴയില്‍ ലൈഫ് ഭവനസമുച്ചയം
X

തുടക്കത്തിലേ നിര്‍മ്മാണം നിലച്ച് ലൈഫ് ഭവനസമുച്ചയം. ലൈഫ്മിഷന്‍ പദ്ധതിയില്‍പ്പെടുത്തി ആലപ്പുഴ പറവൂരില്‍ മുഖ്യമന്ത്രി തറക്കല്ലിട്ട ഫ്‌ലാറ്റിന്റെ നിര്‍മ്മാണമാണ് അടിത്തറ പോലും പൂര്‍ത്തിയാകാതെ കിടക്കുന്നത്. കരാറുകാര്‍ക്കുള്ള പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഭൂരഹിതര്‍ക്കുള്ള ഫ്‌ലാറ്റ് നിര്‍മ്മാണം നിലച്ചത്.

എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യപിച്ച് 2020 മാര്‍ച്ച് 8 ന് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയ ഫ്‌ലാറ്റിന്റെ അവസ്ഥയാണിത്. 35 കോടി രൂപ ചിലവില്‍ 156 ഭൂരഹിതര്‍ക്കായി വീട് നിര്‍മ്മിക്കുന്നതായിരുന്നു പദ്ധതി. ആലപ്പുഴ നഗരസഭ ലൈഫ്മിഷന് വിട്ടുകൊടുത്ത രണ്ടേകാല്‍ ഏക്കറിലായിരുന്നു നിര്‍മ്മാണം. ഫ്‌ലാറ്റ് നിര്‍മ്മാണത്തിനായി പഞ്ചായത്തും വിഹിതം നല്‍കി. പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം.

ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസിനായിരുന്നു നിര്‍മ്മാണ കരാര്‍ നല്‍കിയത്. ഇവരില്‍ നിന്ന് ചെറുകിട കരാറുകാര്‍ സബ് ഏജന്‍സി എടുത്ത് പൈലിംങ്ങ് പൂര്‍ത്തിയാക്കിയെങ്കിലും 68 ലക്ഷം രൂപയോളം കുടിശ്ശിക വന്നതോടെയാണ് കഴിഞ്ഞ നാല് മാസമായി നിര്‍മ്മാണം നിലച്ചത്. പഞ്ചായത്ത് വിഹിതം നല്‍കിയ ശേഷമാണ് അടിത്തറ പോലും പൂര്‍ത്തിയാക്കാതെ നിര്‍മ്മാണം നിലച്ചത്.

കഴിഞ്ഞ സര്‍ക്കാര്‍ ലൈഫ്മിഷന് അനുവദിച്ച ശേഷം തിരിച്ചെടുത്ത 35 കോടി രൂപ തിരികെ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. അതേ സമയം നിര്‍മ്മാണത്തിനായി കൊണ്ടുവന്ന കമ്പിയും മറ്റ് നിര്‍മ്മാണ സാമഗ്രികളും പണിസ്ഥലത്ത് നിന്നും വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതായും നാട്ടുകാര്‍ പറയുന്നു.

Next Story

Popular Stories