Top

ഭാരത് ബന്ദിന് ഇടതുമുന്നണിയുടെ പിന്തുണ; ബന്ദ് ഹര്‍ത്താലാകും

27ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍

23 Sep 2021 6:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാരത് ബന്ദിന് ഇടതുമുന്നണിയുടെ പിന്തുണ; ബന്ദ് ഹര്‍ത്താലാകും
X

സംയുക്ത കിസാന്‍ മോര്‍ച്ച സെപ്തംബര്‍ 27ന് നടത്തുന്ന ഭാരത് ബന്ദിന് ഇടതുമുന്നണിയുടെ പിന്തുണ. ബന്ദ് ദിനത്തില്‍ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാനാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലെ തീരുമാനം.

27ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒമ്പത് മാസമായി ഡല്‍ഹിയില്‍ കര്‍ഷകര്‍ സമരം നടത്തുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമരം ഒത്തുതീര്‍ക്കാനുള്ള ശ്രമമൊന്നും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ട്രേഡ് യൂണിയനുകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭാരത് ബന്ദ് നടത്തുന്നത്. 23 ട്രേഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ നല്‍കുന്നത്.

അതേസമയം, പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതു മുന്നണി യോഗത്തില്‍ പറഞ്ഞു.

ബിഷപ്പിന്റെ പരാമര്‍ശം പ്രതിപക്ഷ സര്‍ക്കാരിനെതിരെ ആയുധമാക്കുമ്പോഴും വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തില്‍ സ്വീകരിച്ചത്. മുന്നണി സംവിധാനത്തിന്റെ ഭാഗമായി ഒറ്റ അഭിപ്രായമാകണം വിഷയത്തില്‍ ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ ചര്‍ച്ചകള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് മുന്നണിയോഗം എത്തിയത്. ബിഷപ്പിന്റെ പരാമര്‍ശത്തില്‍ ചര്‍ച്ചകളിലേക്ക് കടന്നാല്‍ ശബരിമല വിഷയം പോലെ തിരിച്ചടി ഉണ്ടാകുമോയെന്ന ആശങ്കയും സിപിഐഎമ്മിന് ഉണ്ട്.

Next Story