Top

'പോകുന്നവര്‍ പോകട്ടെ' നിലപാട് തെറ്റ്; കെപിസിസി നേതൃത്വത്തെ ഉപദേശിച്ച് നേതാക്കള്‍

അനുനയിപ്പിക്കുന്നതിന് പകരം പ്രകോപനം ഉണ്ടാക്കുകയാണ് പുതിയ നേതൃത്വം

15 Sep 2021 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോകുന്നവര്‍ പോകട്ടെ നിലപാട് തെറ്റ്; കെപിസിസി നേതൃത്വത്തെ ഉപദേശിച്ച് നേതാക്കള്‍
X

കോണ്‍ഗ്രസ്സിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ കെപിസിസി നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് മുതിര്‍ന്ന നേതാക്കള്‍. പ്രതിസന്ധി ഘട്ടത്തില്‍ പോകുന്നവര്‍ പോകട്ടെ എന്ന പുതിയ നേതൃത്വത്തിന്റെ നിലപാട് തെറ്റാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പാര്‍ട്ടി വിട്ടതോടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഇടപെടണമെന്ന നിര്‍ദ്ദേശമാണ് മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവെക്കുന്നത്. ഡിസിസി പുനസംഘടനയില്‍ പാര്‍ട്ടിക്കകത്ത് പുകയുന്ന അമര്‍ഷത്തിന്റെ തുടര്‍ച്ചയായി കൂടുതല്‍ പേര്‍ പുറത്തേക്ക് പോകുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവെക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്ന് കെപിസിസി ഭാരവാഹികളാണ് പാര്‍ട്ടി വിട്ടത്.

കൊഴിഞ്ഞുപോക്ക് മുന്‍കൂട്ടികണ്ട് തടയാനുള്ള നീക്കങ്ങള്‍ കെപിസിസി നേതൃത്വം നടത്തുന്നില്ലെന്ന വിമര്‍ശനവുമുണ്ട്. പോകുന്നവര്‍ പോകട്ടെ എന്ന നിലപാടാണ് പുതിയ കെപിസിസി നേതൃത്വത്തിന്. പ്രതിസന്ധിഘട്ടത്തില്‍ ഇത്തരം സമീപനം ഗുണകരമാകില്ലെന്ന മുന്നറിയിപ്പ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്നുണ്ട്. കെപിസിസി, ഡിസിസി പുനസംഘടന പൂര്‍ത്തിയാകുന്നതോടെ വീണ്ടും പാര്‍ട്ടിയില്‍ കലാപക്കൊടി ഉയരാനാണ് സാധ്യത. ഇപ്പോള്‍ അതൃപ്തരായ നേതാക്കളെ അച്ചടക്കത്തിന്റെ വാളോങ്ങിയാണ് പുതിയ നേതൃത്വം നിലയ്ക്ക് നിര്‍ത്തിയത്.

ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിക്കുന്നതിന് പകരം പ്രകോപനം ഉണ്ടാക്കുകയാണ് പുതിയ നേതൃത്വമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പുനസംഘടനയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തന രംഗത്തു നിന്നും നിരവധി കെപിസിസി, ഡിസിസി ഭാരവാഹികളാണ് മാറി നില്‍ക്കുന്നത്. കെപിസിസി, ഡിസിസി പുനസംഘടന പൂര്‍ത്തിയാകുന്നതോടെ ഇവരില്‍ ഭൂരിഭാഗം പേരും പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പാണ് മുതിര്‍ന്ന നേതാക്കള്‍ കെപിസിസിയ്ക്ക് നല്‍കുന്നത്.

Next Story