Top

'വഴിപോക്കനായി കാണേണ്ടതില്ല'; സലാമിനോട് ജലീല്‍

അദ്ദേഹവും ഞാനും അന്ന് തെരഞ്ഞെടുക്കപ്പെട്ട് അന്ന് നിയമസഭയില്‍ വരുകയുണ്ടായി

9 Sep 2021 2:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഴിപോക്കനായി കാണേണ്ടതില്ല; സലാമിനോട് ജലീല്‍
X

മുസ്ലീംലീഗിന്റെ ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വഴിപോക്കന്‍ പരാമര്‍ശത്തിന് മറുപടിയുമായി കെടി ജലീല്‍. താന്‍ പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും എആര്‍ നഗര്‍ ബാങ്കില്‍ മുസ്ലീംലീഗിന്റെ കമ്മിറ്റികളുടെ പേരിലൊന്നും ഒരു തരത്തിലുമുള്ള അക്കൗണ്ടും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയട്ടെയെന്നും ജലീല്‍ വെല്ലുവിളിച്ചു. എആര്‍ ബാങ്ക് ക്രമകേടുകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. അക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും നടത്തുന്ന വ്യക്തിയല്ല മുഖ്യമന്ത്രിയെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെടി ജലീല്‍ പറഞ്ഞത്: ''മുസ്ലീംലീഗിന്റെ ജനറല്‍ സെക്രട്ടറി പിഎംഎ സലാം 2006ലെ തെരഞ്ഞെടുപ്പില്‍ ഞാനും അദ്ദേഹവും ഒരുമിച്ച് മത്സരിച്ചതാണ്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളായിട്ട്. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചപ്പോള്‍ എന്നെ വിജയിപ്പിക്കാന്‍ വേണ്ടി വളരെ നല്ല ശ്രമം നടത്തിയ ആളാണ് സലാം. അദ്ദേഹം അന്ന് കോഴിക്കോട് രണ്ടിലാണ് മത്സരിച്ചത്. അദ്ദേഹവും ഞാനും അന്ന് തെരഞ്ഞെടുക്കപ്പെട്ട് അന്ന് നിയമസഭയില്‍ വരുകയുണ്ടായി. സലാം വഴിപോക്കനായി കാണേണ്ടതില്ല.''

''ഞാന്‍ പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ സലാം പറയട്ടേ, എആര്‍ നഗര്‍ സര്‍വീസ് സഹകരണബാങ്കില്‍ മുസ്ലീംലീഗിന്റെ കേരളത്തിലെ ഒരു അറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള കമ്മിറ്റികളുടെ പേരിലൊന്നും ഒരു തരത്തിലുമുള്ള അക്കൗണ്ടും ഉണ്ടായില്ലെന്ന് അദ്ദേഹം പറയട്ടെ. അല്ലെങ്കില്‍ അത് കുഞ്ഞാലിക്കുട്ടി പറയട്ടെ അത്. പറയാന്‍ പറ്റുമോ അവര്‍ക്ക്. ഞാന്‍ വ്യക്തിപരമായിട്ടുള്ള എതിര്‍പ്പിന്റെയും വിദ്വേഷത്തിന്റെയും പ്രശ്‌നമല്ല ഇത്. ഞാനിതൊന്നും ഉണ്ടാക്കി പറഞ്ഞത് അല്ല. സഹകരണ വിംഗിന്റെ പരിശോധന സംഘം അന്വേഷിച്ച് കണ്ടെത്തിയ കാര്യമാണ് ഞാന്‍ പറഞ്ഞത്. എന്റെതായിട്ട് കൂട്ടിച്ചേര്‍ത്തലുകള്‍ വളരെ കുറച്ച് മാത്രമേ ആയിട്ടുള്ളു. അത് ഞാന്‍ സംശയിക്കുന്നത് മാത്രമാണ്.''

''എന്തുകൊണ്ട് നാഴികയ്ക്ക് നാലുപത് വട്ടം മാധ്യമങ്ങളെ കാണുന്ന കുഞ്ഞാലിക്കുട്ടി ഈ സംഭവത്തിന് ശേഷം മാധ്യമങ്ങളെ കാണാത്തത്. എന്തിനാണ് അദ്ദേഹത്തിന് ഭയം. 16-ാം തീയതി ഇവിടെ വരണം. ഞാനിത് പറഞ്ഞത് കൊണ്ട് അദ്ദേഹം ഇനിയും ഡേറ്റ് നീട്ടി ചോദിക്കുമോയെന്ന് അറിയില്ല.''

''എആര്‍ ബാങ്ക് ക്രമകേടുകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. അക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും നടത്തുന്ന വ്യക്തിയല്ല മുഖ്യമന്ത്രി. അഴിമതി ആര് ചെയ്താലും കൊള്ളരുതായ്മ ആര് ചെയ്താലും അവരുമായി സന്ധി ചെയ്യുന്ന സര്‍ക്കാര്‍ അല്ല കേരളം ഭരിക്കുന്നത്.''

Next Story