Top

'അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ തന്നെ അറിയുന്നില്ല'; ഫാത്തിമ തഹ്ലിയയ്‌ക്കെതിരായ നടപടിയില്‍ ജലീല്‍

ഹരിതയെ പിന്തുണച്ച എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു

13 Sep 2021 1:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ തന്നെ അറിയുന്നില്ല; ഫാത്തിമ തഹ്ലിയയ്‌ക്കെതിരായ നടപടിയില്‍ ജലീല്‍
X

ഫാത്തിമ തഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ. മുസ്ലിംലീഗിന്റെ പുറത്താക്കല്‍ ഉത്തരവിനൊപ്പം 'അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ തന്നെ അറിയുന്നില്ല, അവര്‍ക്കു നീ പൊറുത്തു കൊടുക്കേണമേ....' എന്ന ബൈബിള്‍ വചനം പങ്കുവെച്ചുകൊണ്ടായിരുന്നു ജലീലിന്റെ പ്രതികരണം. ഹരിത വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു ലീഗിന്റെ നടപടി.

സംസ്ഥാന കമ്മറ്റിയുടെ ശുപാര്‍ശ പ്രകാര മുസ്ലീംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് നടപടി ഉത്തരവ് പുറത്തുവിട്ടത്. ഹരിതയെ പിരിച്ചുവിട്ടതും തുടര്‍ന്ന് പുതിയ കമ്മറ്റി രൂപികരിച്ചതും കൂടിയാലോചനകള്‍ നടത്താതെയാണെന്ന് ഫാത്തിമ തഹ്ലിയ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള നടപടിക്ക് പ്രേരിപ്പിച്ചതുമെന്നാണ് സൂചന. നേതൃത്വത്തിനെതിരെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയിരുന്നതും ഫാത്തിമയാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍.

വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ മുഴുവന്‍ പേരേയും മാറ്റി നിര്‍ത്തി ഹരിതയുടെ പുതിയ സംസ്ഥാന കമ്മറ്റി രൂപീകരിച്ചതിന് പിന്നാലെ ഹരിതയെ പിന്തുണച്ച എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതേസമയം, നടപടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് ഫാത്തിമ തെഹ്ലിയ പ്രതികരിച്ചു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനും മലപ്പുറം ജില്ലാ നേതാക്കള്‍ക്കുമെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്ത മുന്‍ ഹരിത നേതാക്കള്‍ക്ക് പരസ്യമായ പിന്തുണയാണ് ഫാത്തിമ തഹ്ലിയ നല്‍കിയിരുന്നത്. ഹരിത നേതാക്കള്‍ ഏത് തരത്തിലുള്ള അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ലെന്നും ഹരിത നേതാക്കള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും തഹ്ലിയ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കേണ്ടത് ഈ രീതിയിലാണൊയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും ഫാത്തിമ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു.

Next Story

Popular Stories