Top

എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരം; 'മയപ്പെട്ട്' കെ ടി ജലീല്‍

9 Sep 2021 4:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എആര്‍  നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരം; മയപ്പെട്ട് കെ ടി ജലീല്‍
X

മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട തെളിവുകളാണ് ഇന്ന് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കുക എന്ന് കെടി ജലീല്‍ എംഎല്‍എ. ചന്ദ്രിക വിഷയത്തില്‍ മൊഴിനല്‍കാന്‍ ഇന്ന് ഇഡി ഓഫീസില്‍ എത്താനിരിക്കെയാണ് വിവാദങ്ങളില്‍ തൊടാതെ കെ ടി ജലീല്‍ നിലപാട് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രിക കള്ളപ്പണ ആരോപണത്തില്‍ എഴോളം രേഖകള്‍ ഇഡി ചോദിച്ചിട്ടുണ്ട്. അത് കൊടുക്കും. നേരിട്ട് എത്താനാണ് ശ്രമിക്കുന്നത്. ഇല്ലെങ്കില്‍ ദൂതന്‍ വഴി രേഖകള്‍ എത്തിച്ചു നല്‍കുമെന്നും കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി. അതേസമയം, എ ആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഇഡിക്ക് മുമ്പാകെ രേഖകള്‍ നല്‍കില്ലെന്നും കെടി ജലീല്‍ വ്യക്തമാക്കി.

എആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം കാര്യക്ഷമമാണ്. ആദായ നികുതി. ആര്‍ബിഐ പരിധിയില്‍ ഉള്ള വിഷയമാണ്. അവരാണ് അത് പരിശോധിക്കേണ്ടത് എന്നും ജലീല്‍ വ്യക്തമാക്കുന്നു. എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെ ജലീലിനെ തള്ളി രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് നിലപാട് മയപ്പെടുത്തി കെ ടി ജലീല്‍ രംഗത്ത് എത്തുന്നത്.

ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഈ മാസം രണ്ടിന് കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ഇ ഡി കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇ ഡിക്ക് മുന്നിലെത്തുന്നത്. ചന്ദ്രിക അക്കൗണ്ടിലൂടെ പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീല്‍ തെളിവുകള്‍ നല്‍കുക.

ഇന്ന് വൈകീട്ട് നാല് മണിയോടെ കൂടിയാകും ഇ ഡിക്ക് മുമ്പാകെ ജലീല്‍ എത്തുകയെന്നാണ് വിവരം. ഇ ഡി വിളിപ്പിച്ചതിന് അനുസരിച്ചാണ് എത്തുന്നതെന്നും ഏഴ് തെളിവുകള്‍ കൈമാറുമെന്നും ജലീലും വ്യക്തമാക്കിയിട്ടുണ്ട്.

Next Story