Top

'കുഞ്ഞാലിക്കുട്ടി 16ന് ഇഡിക്ക് മുന്നില്‍ ഹാജരാകണം, മൊയീന്‍ അലി 17ന്; എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്ന് ജലീല്‍

മകന്‍ ആഷിഖിന്റെ പേരില്‍ പി കെ കുഞ്ഞാലിക്കുട്ടി വാങ്ങിയ ഭൂമിയുടെ പണവും ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്നാണ് പോയിട്ടുള്ളത്.

9 Sep 2021 2:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാലിക്കുട്ടി 16ന് ഇഡിക്ക് മുന്നില്‍ ഹാജരാകണം, മൊയീന്‍ അലി 17ന്; എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്ന് ജലീല്‍
X

ചന്ദ്രിക കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട് തന്റെ പക്കലുണ്ടായിരുന്ന എല്ലാ രേഖകളും ഇഡിക്ക് കെെമാറിയതായി കെ ടി ജലീല്‍ എംഎല്‍എ. ഇതിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 16ാം തിയതി പി കെ കുഞ്ഞാലിക്കുട്ടിയെയും സെപ്റ്റംബര്‍ 17 ന് മൊഈന്‍ അലി തങ്ങളെയും മൊഴി എടുക്കുന്നതിനായി ഇഡി വിളിപ്പിച്ചിട്ടുണ്ടെന്നും കെ ടി ജലീല്‍ അറിയിച്ചു.

വളരെ ഗൗരവായ കേസാണിത്. മുസ്ലിംലീഗിന്റെ ഓഫീസ് നിര്‍മ്മാണത്തിനെന്ന പേരില്‍ ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്ന് പണം നീക്കിവയക്കുകയും നാലര കോടിയോളം രൂപ കോഴിക്കോട് ജില്ലയിലെ മടവൂര്‍ വില്ലേജില്‍ ഭൂമിവാങ്ങുന്നതിനായി ചിലവാക്കുകയും ചെയ്തു. ഭൂമി നിര്‍മ്മാണത്തിന് സാധിക്കാത്ത കണ്ടല്‍കാടുകള്‍ നിറഞ്ഞചതുപ്പ് നിലമാണ് വാങ്ങിയിരിക്കുന്നത്. അതിനോട് അടുത്ത് രണ്ടേക്കര്‍ നല്ലഭൂമി തന്റെ മകന്‍ ആഷിഖിന്റെ പേരിലും പി കെ കുഞ്ഞാലിക്കുട്ടി വാങ്ങിയിട്ടുണ്ട്. അതേസമയം, അതിന്റെ പണവും ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്നാണ് പോയിട്ടുള്ളത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിച്ച രേഖകളാണ് ഇഡിക്ക് മുന്നില്‍ ഹാജരാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാരിവട്ടം പാലത്തിന്റെ അഴിമതി പണമായിരിക്കാം ഈ ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന് സംശയിക്കാവുന്നതാണ് സാഹചര്യ തെളിവുകളെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. ആരോപണത്തിന് വിധേയമായ ഇടപാടുകള്‍ നടന്ന ദിവസവും പാലാരിവട്ടം പാലത്തിന്റെ അഡ്വാന്‍സായി 8.2 കോടി കെെപ്പറ്റ തിയതികളും തമ്മില്‍ സാമ്യമുണ്ട്. അതിനാല്‍ ഈ അഴിമതി പണം തന്നെയായിരിക്കണം പി കെ കുഞ്ഞാലിക്കുട്ടിയുടെയും അന്നത്തെ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെയും നേതൃത്വത്തില്‍ ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ട് വെെകിട്ട് നാലുമണിയോടെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായ ജലീല്‍ മുന്ന് മണിക്കൂറോളമാണ് തെളിവെടുപ്പിനായി ഓഫീസില്‍ ചെലവഴിച്ചത്. കേസില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഏഴ് നിർണ്ണായക തെളിവുകള്‍ ഇന്ന് കെെമാറുമെന്നാണ് കെ ടി ജലീല്‍ അറിയിച്ചിരുന്നത്. ഇഡി നോട്ടീസ് പ്രകാരമായിരുന്നു. നടപടി.

നേരത്തെ ഈ മാസം രണ്ടിന് കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ഇ ഡി കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇഡിക്ക് മുന്നിലെത്തിയത്. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീല്‍ തെളിവുകള്‍ കെെമാറിയത്.

Next Story