Top

'തങ്ങളെ തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ ഗുണ്ടക്കെതിരെ ഒരു ലീഗ് നേതാവും ഉരിയാടിട്ടില്ല'; ചോദ്യമുന്നയിച്ച് കെ ടി ജലീല്‍

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കും മകൻ മുഈനലി തങ്ങൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കും ആവശ്യമായ സംരക്ഷണം സർക്കാർ ഒരുക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

6 Aug 2021 1:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തങ്ങളെ തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ ഗുണ്ടക്കെതിരെ ഒരു ലീഗ് നേതാവും ഉരിയാടിട്ടില്ല; ചോദ്യമുന്നയിച്ച് കെ ടി ജലീല്‍
X

പാണക്കാട് കുടുംബത്തിന് സർക്കാർ സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. മുസ്ലിംലീഗ് ഓഫീസില്‍വെച്ച് മുഈനലി തങ്ങള്‍ക്ക് നേരെ അറപ്പുളവാക്കുന്ന തെറിയഭിഷേകം നടന്നിട്ടും ലീഗ് നേതാക്കള്‍ മൗനം പാലിക്കുകയാണെന്നും കെ ടി ജലീല്‍ ആരോപിച്ചു.

അതേസമയം, ആരും ഉത്തരവാദിത്തം ഏൽപിക്കാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് എന്ന ലീഗ് നേതാക്കളുടെ വാദം പൊളിഞ്ഞെന്നും കെ ടി ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മകൻ മുഈനലിയെ ഏൽപിച്ചുകൊണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിൻ്റെ കോപ്പിയും കുറിപ്പിനൊപ്പം ജലീല്‍ പങ്കുവയ്ക്കുന്നു.




കഴിഞ്ഞദിവസം കോഴിക്കോട് മുസ്ലിംലീഗോഫീസിൽ ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സയ്യിദ് മുഈനലി തങ്ങൾ വലിഞ്ഞുകയറി ചെന്നതല്ല എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇതെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.

കുറിപ്പിൻ്റെ പൂർണ്ണരൂപം:

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മകൻ മുഈനലിയെ ഏൽപിച്ചതായി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൻ്റെ കോപ്പിയാണ് ഇമേജായി നൽകിയിരിക്കുന്നത്. ഇന്നലെ കോഴിക്കോട് ലീഗാഫീസിൽ ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വലിഞ്ഞുകയറി ചെന്നതല്ല സയ്യിദ് മുഈനലി തങ്ങൾ എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇത്. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇന്നലെ വൈകുന്നേരം മാധ്യമങ്ങൾക്ക് നൽകിയ വാർത്താകുറിപ്പിൽ പറഞ്ഞത് ആരും ഉത്തരവാദിത്തം ഏൽപിക്കാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് എന്നാണ്. മുഈനലി തങ്ങളെ കേട്ടാൽ അറപ്പുളവാക്കുന്ന തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ഒരു ലീഗ് നേതാവും ഇതുവരെ ഒരക്ഷരം ഉരിയാടിയതായി കണ്ടില്ല. ഈ സാഹചര്യത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സമാദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകൻ മുഈനലി തങ്ങൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കും ആവശ്യമായ സംരക്ഷണം സർക്കാർ ഒരുക്കണം.


അതേസമയം, ചന്ദ്രിക അക്കൗണ്ട് വിവാദവുമായി ബന്ധപ്പെട്ട ആദ്യ നോട്ടീസ് ലഭിച്ച മാര്‍ച്ച് മാസത്തിലാണ് ഹൈദരലി തങ്ങള്‍ മൊഈന്‍ അലിയെ ചുമതലപ്പെടുത്തി കൊണ്ടുള്ള കത്ത് നല്‍കിയതെന്നാണ് സൂചന. സമീറും മാനേജ്മെന്റും ആലോചിച്ച് ഈ മാസം തന്നെ പ്രശ്നത്തിന് പരിഹാരം കാണമെന്നും ബാധ്യതകൾ തീർക്കണമെന്നുമാണ് കത്തിൽ പറയുന്നത്. പിന്നീട് ചന്ദ്രികയിലെ തിരിമറികള്‍ മൊഈന്‍ അലി തങ്ങള്‍ ശിഹാബ് തങ്ങളെ അറിയിച്ചിരുന്നതായും സൂചനയുണ്ട്. ഇതോടെ ചന്ദ്രിക വിവാദവുമായി ബന്ധപ്പെട്ട നിയമകാര്യങ്ങള്‍ വിശദീകരിക്കാന്‍ അഭിഭാഷകന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്ഷണിക്കപ്പെടാതെയാണ് മൊഈന്‍ അലി എത്തിയതെന്നും അഭിഭാഷകന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഇടപെട്ടാണ് ആരോപണങ്ങള്‍ നിരത്തിയതെന്നുമുള്ള മുസ്ലിംലീഗ് നേതൃത്വത്തിന്റെ വിശദീകരണമാണ് ചോദ്യംചെയ്യപ്പെടുന്നത്.




Next Story