Top

'വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തിന് കാരണം എആര്‍ ബാങ്ക് തട്ടിപ്പ്; ഗുരുതര ആരോപണവുമായി കെടി ജലീല്‍

ഐസ്‌ക്രീം പാര്‍ലര്‍ കേസ് തുമ്പില്ലാതാക്കിയത് ആ കേസിലെ രണ്ടു സാക്ഷികളുടെ അസ്വാഭാവിക അപകട മരണങ്ങളാണെന്നും ജലീല്‍ ആരോപിച്ചു.

3 Oct 2021 7:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തിന് കാരണം എആര്‍ ബാങ്ക് തട്ടിപ്പ്; ഗുരുതര ആരോപണവുമായി കെടി ജലീല്‍
X

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തിന് എആര്‍ നഗര്‍ ബാങ്ക് ക്രമക്കേട് കാരണമായിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് കെടി ജലീല്‍.പികെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും നടത്തിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്നും താനറിയാതെ തന്റെ പേരില്‍ രണ്ട് കോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് മൗലവി തളര്‍ന്നു പോയതെന്നും ജലീല്‍ ആരോപിച്ചു.

കള്ളപണ വിഷയത്തില്‍ ഒന്നുമറിയാതെ തന്റെ പേരും ഉള്‍പ്പെട്ടതില്‍ മൗലവിക്ക് അതിയായ മാനസിക പ്രയാസമുണ്ടായെന്നും ഇതാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നും കെടി ജലീല്‍ പറഞ്ഞു. സെപ്റ്റംബര്‍ 24 നാണ് അബ്ദുല്‍ ഖാദര്‍ മൗലവി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് തുമ്പില്ലാതാക്കിയത് ആ കേസിലെ രണ്ടു സാക്ഷികളുടെ അസ്വാഭാവിക അപകട മരണങ്ങളാണെന്നും ജലീല്‍ ആരോപിച്ചു.

ജലീലിന്റെ കുറിപ്പ്-

എആര്‍ നഗര്‍ ബാങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്ത സാക്ഷിയാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും പൊതുജീവിതത്തില്‍ അഴിമതിയുടെ കറ പുരളാത്ത വ്യക്തിയുമായ വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി. തന്റെ പേരില്‍ രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട് എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ നടന്നിട്ടുണ്ടെന്നറിഞ്ഞ നിമിഷം മുതല്‍ മൗലവി വലിയ മാനസിക വിഷമത്തിലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ബന്ധുമിത്രാതികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

മൗലവി സാഹിബിന്റെ അറിവോ സമ്മദമോ കൂടാതെ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കാനും രണ്ട് കോടിയോളം രൂപയുടെ ഇടപാടുകള്‍ ബാങ്കില്‍ നടത്താനും പി.കെ കുഞ്ഞാലിക്കുട്ടിയുടെ അറിവും പ്രേരണയും ഇല്ലാതെ വെറും ഒരു ബാങ്ക് സെക്രട്ടറിയായ ഹരികുമാറിന് മാത്രം കഴിയുമെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ല. തന്റെ പൊതുജീവിതം കളങ്കപ്പെട്ടുവെന്ന തോന്നലില്‍ നിന്നുളവായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് അബ്ദുല്‍ഖാദര്‍ മൗലവി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സാത്വികനും നിഷ്‌കളങ്കനുമായിരുന്ന മൗലവി സാഹിബിന്റെ പൊടുന്നനെയുള്ള വേര്‍പാടിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ അതിന് കാരണക്കാരായവര്‍ക്ക് എങ്ങിനെയാണ് കഴിയുക?

ഐസ്‌ക്രീം പാര്‍ലര്‍ കേസ് തുമ്പില്ലാതാക്കിയത് ആ കേസിലെ രണ്ടു സാക്ഷികളുടെ അസ്വാഭാവിക അപകട മരണങ്ങളാണ്. എആര്‍ നഗര്‍ ബാങ്കിലെ എല്ലാ കള്ളപ്പണ ഇടപാടിന്റെയും സൂത്രധാരനും ഏക സാക്ഷിയുമാണ് ഹരികുമാര്‍. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഞാന്‍ ബലമായി സംശയിക്കുന്നു. എആര്‍ നഗര്‍ ബാങ്കില്‍ നടന്ന ആയിരം കോടിയുടെ വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നത് വരെ ഹരികുമാറിന്റെ ജീവന് പൂര്‍ണ്ണസംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Next Story