വീണ്ടും സാവകാശം തേടി കുഞ്ഞാലിക്കുട്ടി, പരിഹസിച്ച് ജലീല്‍, 'ഹാലിളക്കാനുള്ള വേല കയ്യില്‍ വെച്ചാല്‍ മതി'
പശു വാല് പൊക്കുമ്പോഴറിയാം എന്തിനാണെന്ന്.
16 Sep 2021 3:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഇഡിക്ക് മുമ്പാകെ ഹാജരാകാന്‍ വീണ്ടും സാവകാശം ആവശ്യപ്പെട്ട കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെടി ജലീല്‍. ഇങ്ങനെ പോയാല്‍ കാരാത്തോട്ടേക്ക് ഇഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ടെന്നും അന്വേഷണം വരുമ്പോള്‍ സമുദായത്തിന്റെ നെഞ്ചിലേക്കുള്ള വെടിയുതിര്‍ക്കലായി ചിത്രീകരിച്ച് മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യില്‍ വെച്ചാല്‍ മതിയെന്നും ജലീല്‍ പറഞ്ഞു.
കെടി ജലീല്‍ പറഞ്ഞത്: ഇങ്ങിനെ പോയാല്‍ കാരാത്തോട്ടേക്ക് ED ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ട്.? കള്ളപ്പണ ഇടപാടും അവിഹിത സമ്പാദ്യവും അന്വേഷിക്കാന്‍ ഈഡിപ്പട വരുമ്പോള്‍ സമുദായത്തിന്റെ നെഞ്ചിലേക്കുള്ള വെടിയുതിര്‍ക്കലായി ചിത്രീകരിച്ച് മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യില്‍ വെച്ചാല്‍ മതി. പശു വാല് പൊക്കുമ്പോഴറിയാം എന്തിനാണെന്ന്.
കെടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ചന്ദ്രികയുടെ അക്കൗണ്ടില്‍ 10 കോടി രൂപ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പത്രത്തിന്റെ ആവശ്യങ്ങള്‍ക്കായല്ല പണം എത്തിയതെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം. നേരത്തേ ചന്ദ്രിക ദിനപത്രത്തിന്റേയും മറ്റ് ലീഗ് സ്ഥാപനങ്ങളുടേയും മറവില്‍ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കെടി ജലീല്‍ ആരോപിച്ചത്. ഇതിന്റെ തെളിവുകളും ജലീല്‍ ഇഡിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.