'ഫണ്ട് കട്ട് മുക്കി നക്കിയ യുവസിങ്കം'; 'കിംഗ് ബിജിഎമ്മുമായി' പികെ ഫിറോസിനെതിരെ ജലീല്‍
ചെയ്ത പാപങ്ങള്‍ക്ക് അനുഭവിച്ചല്ലേ മതിയാകൂ
11 Aug 2021 2:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കത്വ ഫണ്ട് തട്ടിപ്പുക്കേസില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ ഇഡി കേസെടുത്ത സംഭവത്തില്‍ പരിഹാസവുമായി കെടി ജലീല്‍. പാണക്കാട് തങ്ങന്മാരെ മറയാക്കിയുള്ള ഫണ്ടുമുക്കല്‍ ഓരോന്നോരോന്നായി പൊളിഞ്ഞു വീഴുകയാണെന്നും കുഞ്ഞാപ്പയും കുട്ടിക്കുഞ്ഞാപ്പയും കുടിലതയില്‍ കൂട്ടാണെന്ന് ആര്‍ക്കാണറിയാത്തതെന്നും ജലീല്‍ പറഞ്ഞു. കത്വ പെണ്‍കുട്ടിയുടെ കണ്ണീരു കാട്ടിപ്പിരിച്ച ഫണ്ട് കട്ട് മുക്കി നക്കിയ യുവസിങ്കം എന്നാണ് ഫിറോസിനെ ജലീല്‍ വിശേഷിപ്പിക്കുന്നത്.
കെടി ജലീല്‍ പറഞ്ഞത്: ''കത്വ പെണ്‍കുട്ടിയുടെ കണ്ണീരു കാട്ടിപ്പിരിച്ച ഫണ്ട് കട്ട് മുക്കി നക്കിയ 'യുവസിങ്കത്തി'നെതിരെ കേസ് എടുക്കാന്‍ EDയുടെ ഉത്തരവ് വന്നതായി വാര്‍ത്ത. ചെയ്ത പാപങ്ങള്‍ക്ക് അനുഭവിച്ചല്ലേ മതിയാകൂ. കാലം എല്ലാറ്റിനും കണക്കു ചോദിക്കും. ഇനിയുമെത്ര കിടക്കുന്നു! ബഹുവന്ദ്യരായ പാണക്കാട് തങ്ങന്മാരെ മറയാക്കിയുള്ള ഫണ്ടുമുക്കല്‍ ഓരോന്നോരോന്നായി പൊളിഞ്ഞു വീഴുകയാണ്. കുഞ്ഞാപ്പയും കുട്ടിക്കുഞ്ഞാപ്പയും കുടിലതയില്‍ കൂട്ടാണെന്ന് ആര്‍ക്കാണറിയാത്തത്?''
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. ഒന്നാം പ്രതിയായ സികെ സുബൈറിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. പിഎംഎല്‍എ ആക്ട് പ്രകാരമാണ് പി കെ ഫിറോസിനെതിരെ കേസെടുത്തിരിക്കുന്നത്. കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന രീതിയില്‍ പി കെ ഫിറോസും സി കെ സുബൈറും ഫണ്ട് പിരിവ് നടത്തിയിരുന്നു. പിരിവ് ലഭിച്ച ഒരു കോടിയോളം രൂപയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ പ്രതികള്‍ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.