Top

'ഇത്തരം പിതൃശൂന്യ പ്രവര്‍ത്തനങ്ങള്‍ കരുതിയിരിക്കുക'; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെടി ജലീല്‍

'കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിച്ചത് തെറ്റായിപ്പോയി' എന്നടക്കമാണ് വ്യാജപോസ്റ്റിലെ പരാമർശങ്ങള്‍.

8 Sep 2021 4:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത്തരം പിതൃശൂന്യ പ്രവര്‍ത്തനങ്ങള്‍ കരുതിയിരിക്കുക; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെടി ജലീല്‍
X

തന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന ഫേസ്ബുക്ക് ഐഡികളെക്കുറിച്ച് മുന്നറിയിപ്പുമായി കെ ടി ജലീല്‍ എംഎല്‍എ. തന്റെ പേര് എഡിറ്റുചെയ്ത് ചേര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പിതൃശൂന്യ പ്രവര്‍ത്തനങ്ങള്‍ കരുതിയിരിക്കുക എന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അത്തരമൊരു വ്യാജ പോസ്റ്റ് പങ്കുവെച്ചായിരുന്നു മുന്നറിയിപ്പ്.

മമ്മൂട്ടിക്ക് ജന്മാദിനാശംസ നേരുന്നത് മുതല്‍ എആര്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണമെന്ന നിലയില്‍ അടക്കമുള്ള ഉള്ളടക്കങ്ങളാണ് ഈ വ്യാജ പോസ്റ്റുകളിലൂടെ പ്രചരിക്കപ്പെടുന്നത്. 'പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിച്ചത് തെറ്റായിപ്പോയി' എന്നടക്കമാണ് ജലീലിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജപോസ്റ്റിലെ പരാമർശങ്ങള്‍.

എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തോട് അനുകൂല നിലപാടെടുക്കുന്ന ജലീലിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിയതിന് പിന്നാലെയാണ് ഇത്തരം പ്രചാരണങ്ങള്‍ ആരംഭിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ പിന്തുണയ്ച്ച് രംഗത്ത് എത്തിയ മുന്‍ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടി ജലീല്‍ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെടി ജലീല്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

അതേസമയം, കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ തുടരുമെന്നാണ് കെടി ജലീലിന്റെ നിലപാട്. ചന്ദ്രികയുടെ കള്ളപ്പണം കേസില്‍ തെളിവുകള്‍ നല്‍കാന്‍ നാളെ ഇഡിക്ക് മുന്‍പില്‍ ഹാജരാകുന്ന കെ ടി ജലീല്‍ ഏഴു തെളിവുകളാണ് ഇഡിക്ക് കൈമാറാനിരിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.

Next Story