Top

സമരമൊതുക്കാന്‍ കെപിസിസി ജനറൽ സെക്രട്ടറി കോഴ വാങ്ങിയെന്ന് കെ.എസ്.യു നേതാവ്; കൊല്ലത്ത് കോണ്‍ഗ്രസില്‍ പോര്

പ്ലാൻറ് ഉടമകളിൽ നിന്ന് എം എം നസീർ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അഞ്ചുലക്ഷം രൂപ വാങ്ങിയെന്നുമാണ് ആരോപണം

2 Oct 2021 4:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമരമൊതുക്കാന്‍ കെപിസിസി ജനറൽ സെക്രട്ടറി കോഴ വാങ്ങിയെന്ന് കെ.എസ്.യു നേതാവ്; കൊല്ലത്ത് കോണ്‍ഗ്രസില്‍ പോര്
X

കൊല്ലം വെളിനെല്ലൂരിൽ കോഴി മാലിന്യ പ്ലാന്റിനെതിരായ സമരത്തെ ചൊല്ലി കോൺഗ്രസിൽ പോര്. സമരത്തിൽ നിന്ന് പിൻമാറാൻ കെപിസിസി ജനറൽ സെക്രട്ടറി കോഴ വാങ്ങിയെന്ന ആരോപണമുന്നയിച്ച് കെ.എസ്.യു നേതാവ് കെപിസിസി പ്രസിഡന്റിന് പരാതി നൽകി. കെ.എസ്.യു സംസ്ഥാന ഭാരവാഹി ആദർശ് ഭാർഗവനാണ് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പരാതി നൽകിയത്.

എന്നാൽ സമരം പൊളിക്കാനായി തനിക്കെതിരെ കളളപ്പരാതിയാണ് നൽകിയിരിക്കുന്നതെന്നാണ് ആരോപണ വിധേയനായ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീറിന്റെ പ്രതികരണം.

വെളിനെല്ലൂർ പഞ്ചായത്തിലെ മുളയറചാലിൽ നിർമാണം നടക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാൻറ് ഉടമകളിൽ നിന്ന് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അഞ്ചുലക്ഷം രൂപ വാങ്ങിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ബാക്കി പണം നൽകാത്തതിന്റെ പേരിൽ നസീറിന്റെ നേതൃത്വത്തിൽ സമരം തുടരുകയാണെന്നും പരാതിയിൽ പറയുന്നു. പണം നൽകിയെന്ന വാദവുമായി പ്ലാൻറ് സംരഭകനും രംഗത്ത് എത്തിിയിട്ടുണ്ട്.

എന്നാല്‍, ജനജീവിതം ദുസഹമാക്കുന്ന പ്ലാന്റിനെതിരെ സമരം നടത്തിയതിന്റെ പേരിൽ നസീറിനെതിരെ കള്ളപ്പരാതി ഉന്നയിക്കുകയാണെന്ന പരാതിയുമായി കോൺഗ്രസ് പ്രാദേശിക നേതാക്കളും കെപിസിസിയെ സമീപിച്ചിട്ടുണ്ട്. വിവാദങ്ങൾക്കു പിന്നിൽ സിപിഐഎം ആണെന്നാണ് എം എം നസീറിന്റെ വിശദീകരണം.

പ്ലാന്റുടമകളിൽ നിന്ന് എം എം നസീർ കോഴ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം തെളിവായി ഉണ്ടെന്നും കെ.എസ്.യു നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആരോപിക്കുന്നതുപോലെ പണം ആവശ്യപ്പെടുന്ന സംഭാഷണങ്ങളൊന്നും ഇപ്പോൾ പുറത്തു വന്ന ഫോൺ രേഖയിൽ ഇല്ല. പരാതി അന്വേഷിക്കാൻ കൊല്ലത്തിന്റെ ചുമതലയുള്ള ജനറൽ സെകട്ടറി പഴകുളം മധുവിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കെപിസിസി

Next Story