Top

കോഴിക്കോട്ട് കെഎസ്ആര്‍ടിസി ഡിപ്പോ എങ്ങോട്ട് മാറ്റും? തുടരുന്ന പ്രതിസന്ധി

ഒരു മാസത്തിനുള്ളില്‍ കെട്ടിടം ഒഴിയണമെന്നാണ് മന്ത്രി ഉത്തരവിട്ടത്

9 Oct 2021 5:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്ട് കെഎസ്ആര്‍ടിസി ഡിപ്പോ എങ്ങോട്ട് മാറ്റും? തുടരുന്ന പ്രതിസന്ധി
X

ബലക്ഷയം കാരണം താല്‍ക്കാലികമായി കെട്ടിടം ഒഴിയണമെന്ന ഉത്തരവ് വന്നതോടെ കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ബദല്‍ സംവിധാനം എവിടെ ഒരിക്കുമെന്ന ആശങ്കയിലാണ് കെഎസ്ആര്‍ടിസി. നേരത്തെ പഴയ ബസ് സ്റ്റാന്റ് പൊളിച്ച സമയത്ത് പാവങ്ങാട് ഡിപ്പോയിലായിരുന്നു പരിമിതികളോടെ ഡിപ്പോ പ്രവര്‍ത്തിച്ചിരുന്നത്. എട്ട് കിലോ മീറ്റര്‍ അകലെയുള്ള പാവങ്ങാട്ടേക്ക് മാറ്റുന്നത് അധിക ചെലവിനും സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുന്നതിനു ഇടയാക്കും.

അതിനാല്‍ നഗരത്തില്‍ തന്നെ എവിടെയെങ്കിലും സ്ഥലം കണ്ടെത്താനാവുമോ എന്ന ആലോചനയിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍. ഒരു മാസത്തിനുള്ളില്‍ കെട്ടിടം ഒഴിയണമെന്നാണ് മന്ത്രി ഉത്തരവിട്ടത്. നിലവിലെ ഡിപ്പോ പൂര്‍ണമായും ഒഴിപ്പിച്ച് ബലപ്പെടുത്താനുള്ള പണികളുടെ ടെന്റര്‍ വിളിക്കും. മൂന്ന് മാസത്തിനുള്ളില്‍ ബലപ്പെടുത്തല്‍ നടപടികള്‍ തുടങ്ങാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചെന്നൈ ഐഐടി നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം അടിയന്തരമായി ബലപ്പെടുത്തുന്നത്. കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

2015 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മ്മിച്ചത്. 76 കോടി രൂപയാണ് ചെലവിലാണ് സമുച്ചയം നിര്‍മ്മിച്ചത്. വലിയ വ്യാപ്തിയുള്ള കെട്ടിടത്തിലെ ചില മുറികള്‍ വാടകയ്ക്ക് കൊടുക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതലെ നിരവധി പരാതികളാണ് കെട്ടിടത്തിന്റെ അപാകത സംബന്ധിച്ച് ഉയര്‍ന്നു വന്നത്. നിലവിലെ ബലക്ഷയം പരിഹരിക്കാന്‍ 30 കോടിയോളം രൂപ ചെലവാവുമെന്നാണ് കണക്കു കൂട്ടുന്നത്.

Next Story

Popular Stories