Top

'80 കോടി വേണം, വരുമാനമില്ല'; ശമ്പളം പോലും നല്‍കാനാവാതെ കെഎസ്ആര്‍ടിസി

8 Sep 2021 1:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

80 കോടി വേണം, വരുമാനമില്ല; ശമ്പളം പോലും നല്‍കാനാവാതെ കെഎസ്ആര്‍ടിസി
X

കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം മുടങ്ങി. സര്‍ക്കാര്‍ ധനസഹായം ലഭിക്കാത്തതോടെ ഓഗസ്റ്റ് മാസത്തിലെ ശമ്പളം ഇതുവരെയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കെഎസ്ആര്‍ടിസിയ്ക്ക് നീക്കിവയ്ക്കാന്‍ പണമില്ലെന്ന് ധനവകുപ്പ് നിലപാട് എടുത്തതോടെയാണ് ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ അനിശ്ചിതമായി നീളുന്നത്. ശമ്പളത്തിന് മാത്രമായി 80 കോടി രൂപയില്‍ അധികമാണ് കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടത്. എന്നാല്‍ നിലവിലെ വരുമാനംകൊണ്ട് ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് കമ്പനിയ്ക്കുള്ളത്.

അഞ്ചാം തീയതിക്കുള്ളില്‍ ലഭിക്കേണ്ട ശമ്പളമാണ് ഇതുവരെ നല്‍കാനാകാത്തത്. 13 ന് ശേഷമേ ശമ്പളവിതരണം ഉണ്ടാകൂവെന്നാണ് വിവരം. ഇതോടെ 28,000 ത്തോളം വരുന്ന ജീവനക്കാരാണ് പ്രതിസന്ധിയിലായത്. ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്ന സാഹചര്യവും സഹായത്തിന് പണമില്ലെന്ന ധനവകുപ്പിന്റെ നിലപാടും പെന്‍കാരെയും ആശങ്കയിലാക്കുന്നതാണ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതോടെ, കനത്ത നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ധനസഹായം ആയിരുന്നു കെഎസ്ആര്‍ടിസി ആശ്രയിച്ചിരുന്നത്. ഇത്തരത്തില്‍ ലഭിച്ചിരുന്ന 65 കോടി രൂപ ഇത്തവണ ഇതുവരെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടില്ല. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

നിലവില്‍ 2500 ബസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസിയുടേതായി നിരത്തിലുള്ളത്. ഇതില്‍നിന്നുള്ള വരുമാനം ശമ്പളം നല്‍കാന്‍ മതിയാവില്ല. അധികവരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാല്‍ മുടങ്ങി. ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പ്രത്യേക കമ്പനി എന്ന പദ്ധതിയും തൊഴിലാളി സംഘടനകളുടെ എതിര്‍പ്പുകാരണം നടപ്പായില്ല. ടിക്കറ്റേതരവരുമാനം കൂട്ടുന്നതിനായി പുതിയതായി അവതരിപ്പിച്ച കെഎസ്ആര്‍ടിസി കെട്ടിടങ്ങള്‍ ബെവ്‌കോയ്ക്ക് വാടകയ്ക്ക് കൊടുക്കാനുള്ള നീക്കവും വിവാദത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

Next Story