Top

പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കെഎസ്ആര്‍ടിസി; ജീവനക്കാരെ കുറയ്ക്കണമെന്ന് മാനേജ്‌മെന്റ്, പറ്റില്ലെന്ന് മന്ത്രി

10 Sep 2021 8:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കെഎസ്ആര്‍ടിസി; ജീവനക്കാരെ കുറയ്ക്കണമെന്ന് മാനേജ്‌മെന്റ്, പറ്റില്ലെന്ന് മന്ത്രി
X

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി കോര്‍പറേഷനെ സാമ്പത്തിക പ്രതിസന്ധി യില്‍ നിന്ന് കരകയറ്റാനുള്ള നിര്‍ദേശങ്ങള്‍ മാനേജ്‌മെന്റ് മുന്നോട്ടുവെച്ചു.പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. സംസ്ഥാനത്ത് 4800 ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നിടത്ത് ഇപ്പോള്‍ 3300ല്‍ താഴെ മാത്രം ബസുകളാണ് ഓടുന്നത്.

ജീവനക്കാര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ നല്‍കേണ്ട സാഹചര്യമാണ് നിലവിലുളളതെന്നും അത്‌കൊണ്ട് അധികമുളള ജീവനക്കാരെ പിരിച്ചുവിടല്‍ അല്ലെങ്കില്‍ 50 ശതമാനം ശമ്പളത്തോടെ ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുളള ദീര്‍ഘകാല അവധി നല്‍കല്‍ എന്നിവയാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്. ഓരോ യൂണിറ്റിലുമുള്ള ഡെഡ് ട്രിപ്പ് കുറയ്ക്കാനുള്ള നിര്‍ദേശം സിഎംഡി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കി. ഇതില്‍ വീഴ്ച വരുത്തി അനാവശ്യമായി ട്രിപ്പ് നടത്തുന്ന യൂണിറ്റ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

വരുമാനം ഇല്ലാത്ത സര്‍വ്വീസുകള്‍ ഒഴിവാക്കും 12 മണിക്കൂര്‍ ഡ്യൂട്ടി പിന്‍വലിക്കുന്നതില്‍ തീരുമാനമായില്ല. അതേസമയം, സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിലെ എതിര്‍പ്പുള്ള വ്യവസ്ഥകള്‍ ഒഴിവാക്കാമെന്നും ബെവ്‌കൊ ഔട്ട്‌ലൈറ്റുകള്‍ കെഎസ്ആര്‍ടിസിയുടെ ഒരു ഡിപ്പോയിലും തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിജു പ്രഭാകര്‍ അറിയിച്ചു. ചിലവ് കുറയ്ക്കാതെ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടുപോവന്‍ സാധിക്കില്ലെന്നും നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചയുടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മാനേജ്‌മെന്റിന്റെ പുതിയ നടപടിക്കെതിരെ വിവിധ യൂണിയനുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിടുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കിയിട്ടിണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കരെ ബുദ്ധിമുട്ടിക്കുന്ന ഒരുതലത്തിലുളള നടപടികള്‍ ഉണ്ടാകില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.

Next Story