Top

'ക്രിസംഘി' സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗ്; ഈശോയ്ക്കെതിരായ സൈബർ ആക്രമണവും നിലച്ചു, പനവേലിൽ ഇംപാക്ട്

25 Aug 2021 1:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിസംഘി സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗ്; ഈശോയ്ക്കെതിരായ സൈബർ ആക്രമണവും നിലച്ചു, പനവേലിൽ ഇംപാക്ട്
X

കൊച്ചി: എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷൻറെ അസോസിയേറ്റ് എഡിറ്ററും വരാപ്പുഴ സെന്റ് ജോർജ്ജ് പുത്തൻപള്ളിയുടെ സഹ വികാരിയുമായ ഫാ. ജെയിംസ് പനവേലിൽ സോഷ്യൽ മീഡയയിൽ ട്രെൻഡിം​ഗാവുന്നു. മാതാവിൻറെ സ്വർഗാരോപണ തിരുനാളുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെ പനവേലിൽ നടത്തിയ പ്രസം​ഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രസം​ഗം വൈറലായതിന് പിന്നാലെ നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ ചിത്രത്തിനെതിരായ സൈബർ ആക്രമണവും നിലച്ചു. പനവേലിൽ നടത്തിയ നിരീക്ഷണങ്ങൾ സമകാലിക പ്രസക്തിയുള്ളതാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.

ഫാ. ജെയിംസ് പനവേലിൽ പറഞ്ഞത്

തെറ്റുകളെയും കുറവുകളേയും അപചയങ്ങളേയും മൂടിവയ്ക്കുന്ന ഇടത്ത് ക്രിസ്തുവില്ല. പലകാര്യങ്ങളിലും നമ്മളൊരുപാട് പിന്നിലാണെന്ന തിരിച്ചറിവ് ഈ കാലം നൽകുന്നുണ്ട്. സിനിമയുടെ പേരിലുണ്ടായ വിവാദത്തിൻറെ പേരിൽ ക്രിസംഘി എന്ന പേരിലാണ് ക്രിസ്ത്യാനികളെ സമൂഹമാധ്യമങ്ങളിൽ പരിഹസിക്കപ്പെടുന്നത്.

കൂടെ നിൽക്കുന്നവൻറെ വേദന നിൻറെ തന്നെ നീറ്റലാണ് എന്ന വകബോധമില്ലാതെ വരുന്നതോടെ ആളുകൾ മനുഷ്യരല്ലാതാവുന്നു. മറ്റുള്ളവരേക്കാളും തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. അങ്ങനെ ഒരു സിനിമ ഇറക്കിയാൽ പഴുത്ത് പൊട്ടാറായി നിൽക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വർഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്.

നമ്മുക്കിടയിലെ പുഴുക്കുത്തുകളേയും തെറ്റുകളേയും പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനല്ല ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെടുന്നത്. ഏറെക്കാലം കുട്ടികളോട് ലൈംഗിക അതിക്രമം കാണിച്ച കത്തോലിക്കാ സഭയിലെ വളരെ ഉയർന്ന പദവി വഹിച്ചിരുന്ന ഒരു കർദ്ദിനാളിനെ പുറത്താക്കിക്കൊണ്ട് വത്തിക്കാൻ പുറത്തിറക്കിയ ശ്വേത പത്രം വ്യക്തമാക്കുന്നതും ഇതാണ് കാവലാകേണ്ടവർ തന്നെ കാർന്നുതിന്നുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന വാർപ്പുമാതൃകകൾ പൊളിച്ചെഴുതപ്പെടുന്ന കാലത്താണ് നാമിപ്പോഴുള്ളത്. ആഘോഷങ്ങളില്ലാതെ പെരുന്നാളുകൾ നടത്തിയിട്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഈ പൊളിച്ചെഴുത്ത് ആത്മീയ ജീവിതത്തിലും വേണം.

Next Story