Top

സ്പ്രിംഗ്ളർ: മുഖ്യമന്ത്രി ഒന്നാംപ്രതിയെന്ന് സുധാകരന്‍ 'തടിതപ്പാന്‍ വിദഗ്ധ സമിതികളുടെ മംഗളപത്രം'

എം ശിവശങ്കറിനെ കുറ്റവിമുക്തമാക്കാനുള്ള ശ്രമമാണ് രണ്ടാം സമിതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കെ സുധാകരന്‍ ആരോപിച്ചു

1 Sep 2021 11:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്പ്രിംഗ്ളർ: മുഖ്യമന്ത്രി ഒന്നാംപ്രതിയെന്ന് സുധാകരന്‍ തടിതപ്പാന്‍ വിദഗ്ധ സമിതികളുടെ മംഗളപത്രം
X

തിരുവനന്തപുരം: സ്പ്രിംഗ്ളർ ഇടപാടില്‍ ശശിധരന്‍ നായർ കമ്മിറ്റി റിപ്പോർട്ട് തള്ളി പ്രതിപക്ഷം. സ്പ്രിംഗ്ളർ ഇടപാടിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും വിദഗ്ധ സമിതികളുടെ മംഗളപത്രത്തിന്റെ വെളിച്ചത്തില്‍ തടിതപ്പാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു

നിയമ, ധന, ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുമായോ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുമായോ ചര്‍ച്ച നടത്താതെയാണ് അന്നത്തെ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കരാര്‍ ഒപ്പിട്ടതെന്ന കണ്ടെത്തല്‍ മുന്‍ നിയമ സെക്രട്ടറി കെ ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള രണ്ടാം വിദഗ്ധ സമിതിയും ശരിവെച്ചിരിക്കുകയാണ്. ആദ്യ സമിതിയുടെ കണ്ടെത്തലില്‍ പ്രതിസ്ഥാനത്തുള്ള എം ശിവശങ്കറിനെ കുറ്റവിമുക്തമാക്കാനുള്ള ശ്രമമാണ് രണ്ടാം സമിതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കെപിസിസി അധ്യക്ഷന്‍ ആരോപിച്ചു.

സര്‍ക്കാരിന് പ്രശംസാപത്രം നല്‍കാനുള്ള പാഴ്ശ്രമമാണ് രണ്ടാം സമിതി നടത്തിയത്. അതീവ പ്രാധാന്യമുള്ള മെഡിക്കല്‍ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ പൗരന്റെ സ്വകാര്യത സംരക്ഷിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. ഇടപാടിലൂടെ 1.80 ലക്ഷം പേരുടെ ഡാറ്റ അമേരിക്കാന്‍ കമ്പനിയ്ക്ക് വിറ്റുതുലയ്ക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ വിദഗ്ധ സമിതികളെ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് പകരം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് എടുക്കേണ്ടതെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയെയും ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കരനെയും വേണ്ടി തയ്യാറാക്കിയ ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശിവശങ്കരന്‍ തെറ്റു ചെയ്തു , പക്ഷേ കുറ്റക്കാരനല്ല എന്ന ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍ വിചിത്രമാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയും ഡാറ്റയുടെ സുരക്ഷ ഉറപ്പ് വരുത്താതെയും വീട്ടു കാര്യം പോലെ തന്നിഷ്ടപ്രകാരമാണ് ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കരന്‍ കരാര്‍ ഒപ്പിട്ടതെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥ സമിതി പക്ഷേ ശിവശങ്കരന്‍ കുറ്റക്കാരനല്ല എന്നാണ് വിധിച്ചത്.

ശിവശങ്കരനെ മാത്രമല്ല, മുഖ്യമന്ത്രിയെയും രക്ഷിക്കാനുള്ള ഗൂഢമായ നീക്കമാണ് ഉദ്യോഗസ്ഥ സമിതി നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ ഒന്നും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം ഒന്നും അറിഞ്ഞിരുന്നില്ലെന്നും കമ്മിറ്റി പറയുന്നത് സാമാന്യ ബോധമുള്ള ആരും വിശ്വസക്കില്ല. മുഖ്യമന്ത്രിയെ അറിയിക്കാതെ അദ്ദേഹത്തിന്റെ വലംകൈ ആയിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു അമേരിക്കന്‍ കുത്തക കമ്പനിയുമായി ഇത്രയും വലിയ ഒരു കരാറില്‍ ഒപ്പിടില്ല എന്നത് പകല്‍ പോലെ വ്യക്തമാണെന്നും ചെന്നിത്തല ആരോപിച്ചു.

Next Story