Top

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന് പരാതി; രാജ്‌മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടും

മുതിര്‍ന്ന നേതാക്കന്‍മാര്‍ വേറെ പാര്‍ട്ടി ഉണ്ടാക്കട്ടെ എന്ന ഉണ്ണിത്താന്റെ പരാമര്‍ശം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് പരാതിയില്‍ പറയുന്നു.

6 Sep 2021 11:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന് പരാതി; രാജ്‌മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടും
X

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനോട് കെപിസിസി വിശദീകരണം തേടും. മുതിര്‍ന്ന നേതാക്കളുടെ സമര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനം. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെപിസിസി ഭിന്നതയില്‍ സോണിയ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് തിരക്കിട്ട അനുനയ നീക്കങ്ങളുമായി നേതാക്കള്‍ രംഗത്തുവന്നിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ചതായി ഹൈക്കമാന്‍ഡിനെ അറിയിച്ചതിനെതുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാനത്തേക്ക് വരില്ലെന്നും സുധാകരന്‍ അറിയിച്ചിരുന്നു.

പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും ഉണ്ണിത്താന്‍ അവഹേളിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. മുതിര്‍ന്ന നേതാക്കന്‍മാര്‍ വേറെ പാര്‍ട്ടി ഉണ്ടാക്കട്ടെ എന്ന ഉണ്ണിത്താന്റെ പരാമര്‍ശം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് പരാതിയില്‍ പറയുന്നു. പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കമാന്റ് നിലപാട് നിലനില്‍ക്കുമ്പോഴാണ് ഉണ്ണിത്താന്റെ പരാമര്‍ശം എന്നും പരാതിയില്‍ ഉണ്ട്.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും 'പുതിയ പാര്‍ട്ടി ഉണ്ടാക്കട്ടെ'എന്ന തരത്തിലുള്ള പ്രതികരണം നിലവിലുള്ള സാഹചര്യത്തില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുവാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ. അഖിലേന്ത്യ നേതൃത്വവും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും പരസ്യ പ്രതികരണം വിലക്കിയ സാഹചര്യത്തില്‍ വന്ന ഉണ്ണിത്താന്റെ പ്രസ്താവനയെ നേതൃത്വം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പരാതിയില്‍ പറയുന്നു.

ഹക്കീം കുന്നില്‍ ( ഡിസിസി പ്രസിഡന്റ്), കെ പി കുഞ്ഞിക്കണ്ണന്‍ എക്‌സ് എം എല്‍ എ (മുന്‍ ഡിസിസി പ്രസിഡന്റ്), എ ഗോവിന്ദന്‍ നായര്‍ (യുഡിഎഫ് കണ്‍വീനര്‍), കെ.നീലകണ്ഠന്‍ (കെപിസിസി സെക്രട്ടറി), അഡ്വ.ബി. സുബ്ബയ്യ റായ് (കെപിസിസി സെക്രട്ടറി) എന്നിവരുള്‍പ്പെടുന്ന നേതാക്കളാണ് പരാതി നല്‍കിയിരിക്കുന്നത്.

Next Story