Top

'അടുത്ത വിക്കറ്റ്'; കെപിസിസി ജനറൽ സെക്രട്ടറി രതികുമാർ പാർട്ടി വിട്ടു, സിപിഐഎമ്മിൽ ചേരും

രതികുമാർ സിപിഐഎമ്മിൽ ചേർന്നേക്കുമെന്നും സൂചനകളുണ്ട്. ഇന്ന് തന്നെ രതികുമാർ എകെജി സെന്ററിലെത്തി ചർച്ചകൾ നടത്തിയേക്കും

15 Sep 2021 10:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടുത്ത വിക്കറ്റ്; കെപിസിസി ജനറൽ സെക്രട്ടറി രതികുമാർ പാർട്ടി വിട്ടു, സിപിഐഎമ്മിൽ ചേരും
X

തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി രതികുമാർ കോൺ​ഗ്രസ് വിട്ടു. പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ട് രതികുമാർ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കത്തയച്ചിട്ടുണ്ട്. കൊല്ലം പത്തനാപുരം മേഖലയിൽ പ്രവർത്തിച്ചിരുന്ന രതികുമാർ കോൺ​ഗ്രസിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു. നേരത്തെ രമേശ് ചെന്നിത്തലയോട് ചേർന്നു നിന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ​ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയതോടെ കെസി വേണു​ഗോപാൽ പക്ഷത്തേക്ക് മാറിയിരുന്നു. രാജിയുടെ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.

രാജിവെക്കുന്ന കാര്യം ഫോണിൽ അറിയിക്കാൻ രതികുമാർ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോണിൽ ലഭിക്കാതെ വന്നതോടെ ഇ-മെയിൽ വഴിയാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം രതികുമാർ സിപിഐഎമ്മിൽ ചേർന്നേക്കുമെന്നും സൂചനകളുണ്ട്. ഇന്നു തന്നെ രതികുമാർ എകെജി സെന്ററിലെത്തി ചർച്ചകൾ നടത്തിയേക്കും. കോൺ​ഗ്രസ് വിട്ടതുമായി ബന്ധപ്പെട്ട് വിശദീകരണങ്ങൾ നാളെ നടക്കുന്ന വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുമെന്ന് രതികുമാർ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാർട്ടി വിട്ട് സിപിഐഎമ്മിലേക്ക് ചേക്കേറുമെന്ന് ഇന്നലെ എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിപിഐഎമ്മിന്‍റെ നയങ്ങള്‍ക്കുള്ള അംഗീകാരമാണ് കൂടുതല്‍ പേർ പാർട്ടിയിലേക്ക് എത്തുന്നതെന്നും എ വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ചോർച്ച ഗൌരവത്തിലെടുക്കാന്‍ വി.ഡി സതീശനും കെ. സുധാകരനും തയ്യാറായിട്ടില്ല. കരുണാകരന്‍ പാർട്ടി വിട്ടപ്പോഴും കുലുങ്ങാത്ത പാർട്ടിയാണ് കോണ്‍ഗ്രസെന്നായിരുന്നു നേരത്തെ സതീശന്‍ പ്രതികരിച്ചത്.



Next Story