Top

'കോൺ​ഗ്രസിൽ പൂരം നാളെ തുടങ്ങും, സസ്പെൻഷൻ ചെയ്ത് പേടിപ്പിക്കേണ്ട'; സുധാകരന് അനിൽ കുമാറിന്‍റെ മുന്നറിയിപ്പ്

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് മുൻ എംഎൽഎ കെ ശിവദാസൻ നായരെയും കെ പി അനിൽകുമാറിനെയും പാർട്ടിയിൽ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തത്.

28 Aug 2021 5:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോൺ​ഗ്രസിൽ പൂരം നാളെ തുടങ്ങും, സസ്പെൻഷൻ ചെയ്ത് പേടിപ്പിക്കേണ്ട; സുധാകരന് അനിൽ കുമാറിന്‍റെ മുന്നറിയിപ്പ്
X

കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സസ്പെൻഡ് ചെയ്യപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ. കോൺ​ഗ്രസിൽ പൂരം നാളെ തുടങ്ങാൻ പോകുകയാണ്. സസ്പെൻഡ് ചെയ്ത് പേടിപ്പേക്കേണ്ടെന്നും അനിൽ കുമാർ പറഞ്ഞു. ഞാൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് മുൻ എംഎൽഎ കെ ശിവദാസൻ നായരെയും കെ പി അനിൽകുമാറിനെയും പാർട്ടിയിൽ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തത്. കെ സുധാകരൻ എംപിയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ചാനലിൽ പ്രതികരണം പുറത്തുവന്ന് മിനിറ്റുകളിൽക്കുള്ളിലായിരുന്നു നടപടി.

വിഡി സതീശനും കെ. സുധാകരനും വാക്കുപാലിച്ചില്ലെന്ന് കെ.പി അനിൽ കുമാർ തുറന്നടിച്ചിരുന്നു. ഇഷ്ടക്കാരെ ഇഷ്ടം പോലെ നിയമിക്കുന്ന അവസ്ഥാണിത്. ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ ഭാവി നിങ്ങളോടൊപ്പം അവസാനിക്കുമെന്നും അനിൽ കുമാർ മുന്നറിയിപ്പ് നൽകി.

''ഇപ്പോൾ കേൾക്കുന്ന പട്ടിക സത്യമാണെങ്കിൽ ഇത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വാട്ടർലൂ ആയിരിക്കും. ഒരു തർക്കവുമില്ല. ഗ്രൂപ്പായിരിക്കില്ല മാനദണ്ഡം എന്ന് നേരത്തെ നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുള്ളവരാണ്. ഇപ്പോൾ പട്ടികയിലുള്ളവരുടെ ക്വാളിറ്റിയെന്താണ്. എന്താണ് ഡിസിസി പ്രസിഡന്റുമാരെ നിയമിക്കാനുള്ള യോഗ്യത. ഇവരൊക്കെ നുണ പറയുകയാണ്. ഇഷ്ടക്കാരെ ഇഷ്ടം പോലെ നിയമിക്കുന്ന അവസ്ഥാണിത്.

ഇത് കേരളത്തിലെ കോൺഗ്രസിനെ തകർക്കുവാനുള്ള തീരുമാനമായി മാറുമെന്ന് ഉറപ്പാണ്. പലരും പാർട്ടിയിൽ നിന്ന് പുറത്തുപോവാൻ നിൽക്കുന്നുവെന്നാണ് വിവരം. അത് കോൺഗ്രസിന് എത്ര ദോഷകരമാണെന്ന് നേതൃത്വം മനസിലാക്കണം. ഇതിനകത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ല. നിങ്ങൾ ചെയ്യുന്നത് സത്യസന്ധമാണെങ്കിൽ, നിതീയുക്തമല്ലെങ്കിൽ കൈയ്യടിച്ച് കൂടെ നിൽക്കും കോൺഗ്രസ് പ്രവർത്തകർ. അതേസമയം നിങ്ങൾ ചെയ്യുന്നത് സ്വാർത്ഥ താൽപ്പര്യം ആണെങ്കിൽ ഒരു കോൺഗ്രസ് പ്രവർത്തകരും നിങ്ങൾക്കൊപ്പം നിൽക്കില്ലെന്ന ബുദ്ധിയും ബോധവും നിങ്ങൾക്കുണ്ടെങ്കിൽ നാളെകളിൽ കോൺഗ്രസിന് മുന്നേറാൻ സാധിക്കും. ഇല്ലെങ്കിൽ കോൺഗ്രസിന്റെ ഭാവി നിങ്ങളോടൊപ്പം അവസാനിക്കും'' കെപി അനിൽ കുമാർ

Next Story