Top

അനില്‍കുമാറിന് സിപിഐഎമ്മില്‍ ആദ്യ ദൗത്യം; കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക രക്ഷാധികാരിയായി ചുമതല

എളമരം കരിം, ടി പി രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പമാണ് അനില്‍കുമാർ ചുമതല പങ്കിടുന്നത്

16 Sep 2021 10:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനില്‍കുമാറിന് സിപിഐഎമ്മില്‍ ആദ്യ ദൗത്യം; കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക രക്ഷാധികാരിയായി ചുമതല
X

കോണ്‍ഗ്രസ് വിട്ടെത്തിയ കെപി അനില്‍കുമാറിന് സിപിഐഎമ്മില്‍ ആദ്യ ചുമതല. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായാണ് ചുമതല നല്‍കിയിരിക്കുന്നത്. എളമരം കരിം, ടി പി രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പമാണ് അനില്‍കുമാർ ചുമതല പങ്കിടുന്നത്. ജനുവരി 10 മുതല്‍ 12 വരെയാണ് സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം.

സിപിഐഎം മുഖപത്രം ദേശാഭിമാനിയുടെ വരിക്കാരനുമാണ് ഇനി കെ പി അനില്‍കുമാര്‍. കഴിഞ്ഞദിവസം സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ അനില്‍കുമാറിന്റെ വീട്ടിലെത്തിയാണ് വരിസംഖ്യ കൈപ്പറ്റിയത്. അനില്‍കുമാറിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുളള അവസരം സിപിഐഎം ഉറപ്പാക്കുമെന്നും പി മോഹനന്‍ ഈ അവസരത്തില്‍ അറിയിച്ചു.

അതേസമയം, കോണ്‍ഗ്രസ് വിട്ടെത്തിയ കെപി അനില്‍കുമാറിനും പി എസ് പ്രശാന്തിനും ഉടന്‍ പാര്‍ട്ടി അംഗത്വമോ ഭാരവാഹിത്വമോ സിപിഐഎം നല്‍കിയേക്കില്ല എന്നാണ് സൂചന. മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് നേരിട്ട് പാര്‍ട്ടി അംഗത്വം നല്‍കണമെങ്കില്‍ കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണമെന്നാണ് ചട്ടം. അതേസമയം, പാര്‍ട്ടിയില്‍ എത്തിയവരെ വര്‍ഗ്ഗ ബഹുജന സംഘടനകളുമായി സഹകരിപ്പിക്കാനാണ് സിപിഐഎം തീരുമാനം.

കോണ്‍ഗ്രസ് വിട്ട്‌സിപിഐഎമ്മിലേക്ക് എത്തിയവര്‍ക്ക് കുറച്ചുനാള്‍ നിരീക്ഷണ കാലമായിരിക്കും. പാര്‍ട്ടി അംഗത്വം ഇവര്‍ക്ക് നേരിട്ട് നല്‍കാന്‍ സിപിഐഎം ഭരണഘടനയനുസരിച്ച് കഴിയില്ല. അതിന് കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം. അതുകൊണ്ടുതന്നെ കെ പി അനില്‍കുമാറും പി എസ് പ്രശാന്തും സിപിഐഎം അംഗത്വത്തിന് കാത്തിരിക്കേണ്ടി വരും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും നല്‍കില്ല. അത്തരം പദവികളില്‍ താത്പര്യമില്ലെന്ന്ഇരു നേതാക്കളും സിപിഐഎമ്മിനെ അറിയിച്ചിട്ടുമുണ്ട്.

Next Story