Top

'സംയമനം പാലിക്കുന്നവരെ വാസവന്‍ ഭീകരവാദികളാക്കുന്നു'; സിപിഐഎമ്മിനെതിരെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി

സിപിഐഎം പ്രസ്താവന ബിജെപിയേക്കാള്‍ അപകടകരമായ രാഷ്ട്രീയമാണ് പയറ്റുന്നതെന്നും കമ്മിറ്റി വിമര്‍ശിച്ചു

18 Sep 2021 7:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംയമനം പാലിക്കുന്നവരെ വാസവന്‍ ഭീകരവാദികളാക്കുന്നു; സിപിഐഎമ്മിനെതിരെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി
X

സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി. പാലാ ബിഷപ്പ് പണ്ഡിതനാണെന്ന മന്ത്രി വിഎന്‍ വാസവന്റെ പരാമര്‍ശത്തിലുള്‍പ്പെടെയാണ് പാര്‍ട്ടിക്കെതിരെ കോട്ടയം താലൂക്ക് കോര്‍ഡിനേഷന്‍ കമ്മിറ്റി രംഗത്തെത്തിയത്. സംയമനം പാലിക്കുന്നവരെ വാസവന്‍ ഭീകരവാദികളാക്കുന്നുവെന്ന് കമ്മിറ്റി ആരോപിച്ചു.

'കോട്ടയം പാലാ ബിഷപ്പ് പണ്ഡിതനാണെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഭീകരവാദികള്‍ ആണെന്നുമുള്ള മന്ത്രി വിഎന്‍ വാസവന്റെ പ്രസ്താവന സംയമനത്തോട് കൂടിയും സമചിന്തതയോട് കൂടിയും വിദ്വേഷ പ്രചാരണങ്ങളെ എതിര്‍ക്കുന്നവരെ അപമാനിക്കല്‍ ആണ്. വിഷലിപ്ത പ്രചാരണങ്ങള്‍ നടത്തുന്നവരെ ചേര്‍ത്തു നിര്‍ത്തി മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണിത്. സവമായ ശ്രമങ്ങളുടെ ആവശ്യം ഇല്ലായെന്ന് പറയുന്ന മന്ത്രി സാമുദായിക ധ്രൂവീകരണത്തില്‍ നിന്നും ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്.' മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചോര കുടിക്കാന്‍ നില്‍ക്കുന്ന ചെന്നായയേക്കാള്‍ മോശമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ക്യാമ്പസുകളില്‍ മുസ്ലീം പെണ്‍കുട്ടികളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ ഉണ്ടെന്ന സിപിഐഎം പ്രസ്താവന ബിജെപിയേക്കാള്‍ അപകടകരമായ രാഷ്ട്രീയമാണ് പയറ്റുന്നതെന്നും കമ്മിറ്റി വിമര്‍ശിച്ചു.

Next Story