ആർഎസ്പി ഇപ്പോൾ സംപൂജ്യരാണ്, യുഡിഎഫിൽ നിന്നുകൊണ്ട് കുറച്ച് 'പഠിക്കട്ടെ'; പരിഹസിച്ച് കോടിയേരി
ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസി. ഓരോ ദിവസവും ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നത്.
15 Sep 2021 2:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ആർഎസ്പിക്കെതിരെ പരിഹാസവുമായി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്പി ഇപ്പോൾ നിൽക്കുന്നിടത്ത് നിൽക്കട്ടയെന്നും കുറച്ച് കാലം കൂടി കോൺഗ്രസിനൊപ്പം നിന്ന് കാര്യങ്ങൾ പഠിക്കട്ടെ എന്നും കോടിയേരി പരിഹസിച്ചു. നിലവിൽ ആർഎസ്പിയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ഇപ്പോൾ അവർ സംപൂജ്യരാണെന്നും കോടിയേരി പറഞ്ഞു. കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് എത്തിയ കെപിസിസി മുൻ ജനറൽ സെക്രട്ടറി ജി. രതികുമാറിനെ എകെജി സെന്ററിൽ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരിയുടെ വാക്കുകള്‍;
ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസി. ഓരോ ദിവസവും ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നത്. ഇത് റോസക്കുട്ടി ടീച്ചറില്‍ നിന്ന് തുടങ്ങിയതാണ്. ഇലക്ഷന്‍ കാലത്ത് അവരാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. പിന്നിട് തുടര്‍ച്ചയായി വിവിധ ജില്ലകളിലെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ രാജിവെച്ചു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് മൂന്ന് കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ ഒന്നിച്ച് രാജിവെക്കുന്നത്.
രാജിവെക്കുന്നവര്‍ സിപിഐഎമ്മിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഇത് ഇടതുപക്ഷ രാഷ്ട്രീയം കേരളത്തില്‍ കൂടുതല്‍ സ്വീകാര്യമാകുന്നുവെന്നതാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി രതികുമാറിന് സിപിഐഎമ്മിലേക്ക് സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തിന്റെ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കും.
കേരളത്തിലെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് തീര്‍ച്ചയാണ്. ഹൈക്കമാന്‍ഡ് പോലും ദുര്‍ബലമായി കഴിഞ്ഞു. ബിജെപിയിലേക്ക് പോയ നേതാക്കളെ മാലിന്യമെന്ന് അവര്‍ വിളിച്ചിട്ടില്ല. ഇപ്പോള്‍ രാജിവെച്ചവര്‍ ബിജെപിയിലേക്ക് പോയാല്‍ അവരൊന്നും മിണ്ടില്ല. മാലിന്യങ്ങളെന്നു വിളിച്ചാലൊന്നും ഇതിനെ മാറ്റാന്‍ കഴിയില്ല. കോണ്‍ഗ്രസില്‍ നിന്ന് ചോര്‍ത്തല്‍ ഞങ്ങളുടെ നയമല്ല. സിപിഐഎമ്മുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവരെ പാര്‍ട്ടി സ്വീകരിക്കും. അല്ലാതെ മറ്റൊരു നിലപാട് ഞങ്ങള്‍ക്കില്ല.
ആർഎസ്പി ഇപ്പോൾ നിൽക്കുന്നിടത്ത് നിൽക്കട്ട. ആർഎസ്പി നേതൃത്വവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല.. ഇപ്പോൾ അവർ സംപൂജ്യരാണ്. കുറച്ച് കാലം കൂടി കോൺഗ്രസിനൊപ്പം നിന്ന് കാര്യങ്ങൾ പഠിക്കട്ടെ.
- TAGS:
- RSP
- Kodiyeri Balakrishnan
- LDF