Top

'എന്റെ അവസ്ഥ കണ്ട് ഇഡി വല്ലതും തന്നിട്ട് പോകും'; രതികുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊടിക്കുന്നില്‍

ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്

17 Sep 2021 4:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ അവസ്ഥ കണ്ട് ഇഡി വല്ലതും തന്നിട്ട് പോകും; രതികുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊടിക്കുന്നില്‍
X

കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന ജി.രതി കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കൊടിക്കുന്നില്‍ സുരേഷ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച രതികുമാറിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സ്വത്ത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ഇലക്ഷന്‍ കമീഷനും സര്‍ക്കാരിനും നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്: ''രതികുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്രയും വില കുറഞ്ഞ ആരോപണങ്ങളെ തള്ളി കളയുകയാണ്. എന്റെ സ്വത്ത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഞാന്‍ ഇലക്ഷന്‍ കമീഷനും സര്‍ക്കാരിനും നല്‍കിയിട്ടുണ്ട്. എന്റെ അനധികൃത സ്വത്ത് സംബന്ധിച്ച തെളിവുകള്‍ രതികുമാര്‍ കൊണ്ടുവന്നാല്‍ അത് അയാള്‍ക്ക് തന്നെ ഞാന്‍ ദാനം ചെയ്യുന്നതാണ്. ഇഡി വന്ന് എന്റെ സ്വത്ത് പരിശോധിക്കട്ടെ. അവര്‍ എന്റെ ദയനീയ അവസ്ഥ കണ്ടിട്ട് എനിക്ക് വല്ലതും തന്നിട്ട് പോകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ച രതികുമാറിനെതിരെ ഞാന്‍ നിയമനടപടികള്‍ സ്വീകരിക്കും. ഏത് അന്വേഷണത്തെയും നേരിടാന്‍ ഞാന്‍ തയ്യാറാണ്.''

''തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി യാതൊരു പ്രവര്‍ത്തനങ്ങളും നടത്താത്ത വ്യക്തിയാണ് രതി കുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പോലും ഇയാള്‍ സ്ഥലത്തില്ലായിരുന്നു. തിരുവനന്തപുരത്ത് നേതാക്കളെ മുഖം കാണിച്ചാണ് ഇയാള്‍ പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നേടിയത്. ഇത്തവണ ഡിസിസി അധ്യക്ഷനാകാന്‍ എന്നെയും കെസി വേണുഗോപാലിനെയും നിരന്തരം വന്ന് കണ്ടിരുന്നു. സ്ഥാനം ലഭിക്കാത്തതിന്റെ നിരാശയിലാണ് അദ്ദേഹം സിപിഐഎമ്മില്‍ ചേര്‍ന്നത്.''

കോടീശ്വരനായ കൊടിക്കുന്നിലിന്റെ ബിനാമി ഇടപാടുകളെ കുറിച്ച് ഇഡി അന്വേഷിക്കണമെന്നും ഇതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ താന്‍ പുറത്ത് വിടുമെന്നുമാണ് രതി കുമാര്‍ പറഞ്ഞത്. ഇനിയും തന്നെ പ്രകോപിപിച്ചാല്‍ കൊടിക്കുന്നിലിന്റെയും കെ സി വേണുഗോപാലിന്റെയും പല രഹസ്യങ്ങളും വിളിച്ച് പറയുമെന്നും രതികുമാര്‍ പറഞ്ഞിരുന്നു. ദളിതന്റെ പേരില്‍ കണ്ണീരൊഴുക്കുന്ന കൊടിക്കുന്നില്‍ ദളിത് സമുദായത്തില്‍ നിന്ന് ഒരാളെ പോലും നേതൃ നിരയില്‍ കൊണ്ട് തയ്യാറായിട്ടില്ലെന്നും രതി കുമാര്‍ പറഞ്ഞു.

Next Story