Top

'നവോത്ഥാനം പ്രാവര്‍ത്തികമാക്കണം, ഇടത് സംഘടനകള്‍ പോലും ആ വിവാഹം ചര്‍ച്ച ചെയ്തിരുന്നു': കൊടിക്കുന്നില്‍ സുരേഷ്

മന്ത്രിമാരെ നിയമിച്ചത് മുതല്‍ കടുത്ത അവഗണനയാണ് പിന്നാക്ക സമുദായങ്ങളോട് നിലനില്‍ക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ്

28 Aug 2021 6:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നവോത്ഥാനം പ്രാവര്‍ത്തികമാക്കണം, ഇടത് സംഘടനകള്‍ പോലും ആ വിവാഹം ചര്‍ച്ച ചെയ്തിരുന്നു: കൊടിക്കുന്നില്‍ സുരേഷ്
X

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് കൊടിക്കുന്നില്‍ സുരേഷ്. നവോത്ഥാന നായകനെന്ന പ്രചാരണം മുഖ്യമന്ത്രി നടത്തുമ്പോള്‍ അത് സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ തുടങ്ങേണ്ടിയിരുന്നുവെന്ന ചര്‍ച്ച ഇടതുപക്ഷ സംഘനകള്‍ക്കുള്ളില്‍ തന്നെ ഉണ്ടായിരുന്നു, അത് ആവര്‍ത്തിക്കുകയാണ് താന്‍ ചെയ്തതെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ വിശദീകരണം. പറഞ്ഞതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മന്ത്രിമാരെ നിയമിച്ചത് മുതല്‍ കടുത്ത അവഗണനയാണ് പിന്നാക്ക സമുദായങ്ങളോട് നിലനില്‍ക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിചേര്‍ത്തു.

'അത് കേരളത്തിന്റെ പൊതുസമൂഹം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. സാന്ദര്‍ഭികമായി ചൂണ്ടികാണിച്ചുവെന്നേയുള്ളൂ. സാമൂഹിക പരിഷ്‌കര്‍ത്ഥാവ് അയ്യന്‍ങ്കാളിയുടെ ജയന്തി ആഘോഷം നടക്കുന്ന ഘട്ടത്തില്‍ നടക്കുന്ന പ്രസംഗത്തില്‍ പറഞ്ഞ ഭാഗമാണിത്. നവോത്ഥാനത്തിന് മുന്‍കൈ എടുത്തയാളാണ് മുഖ്യമന്ത്രി. ഇതിനായി ഒരു പട്ടികജാതി സംഘടനകളേയും പിന്നാക്ക സംഘടനകളേയും വിളിച്ചുവരുത്തി നവോത്ഥാന സമിതിയുണ്ടാക്കി. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ മകളുടെ വിവാഹം നടന്നത്. അന്ന് കേരളത്തിന്റെ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് താന്‍ ആവര്‍ത്തിച്ചത്. നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ അത് മുഖ്യമന്ത്രി ആദ്യം കുടുംബത്തില്‍ നടപ്പാക്കേണ്ടതായിരുന്നുവെന്ന ചര്‍ച്ച ഇടതുപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പോലും ഉണ്ടായിരുന്നു. അത് ഇവിടെ സൂചിപ്പിച്ചെന്നേയുള്ളു. മന്ത്രിമാരെ നിയമിച്ചത് മുതല്‍ കടുത്ത അവഗണനയാണ് നിലനില്‍ക്കുന്നത്. നവാത്ഥാന നായകനായി പ്രചാരണം നടക്കുമ്പോള്‍ അത് കുടുംബത്തില്‍ നിന്നും തുടങ്ങേണ്ടിയിരുന്നുവെന്ന ചര്‍ച്ച പൊതുസമൂഹത്തില്‍ നിലനിന്നിരുന്നുവെന്നാണ് പറഞ്ഞത്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. പറയുന്നത് പ്രവര്‍ത്തിക്കാനും ആര്‍ജ്ജവമുണ്ടാവണം.' കൊടിക്കുന്നില്‍ സുരേഷ് വിശദീകരിച്ചു.
മുഖ്യമന്ത്രി നവോത്ഥാന നായകന്‍ ആയിരുന്നു എങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണം ആയിരുന്നു എന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. എസ്സ്സി എസ്സ്ടി ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ ദളിത് ആദിവാസി നേതാക്കളുടെ പ്രതിഷേധം സംഘടിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്ന പരാമര്‍ശത്തോടെ ആയിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ ആക്ഷേപം. ശബരിമലയ്്ക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. പാര്‍ട്ടിയില്‍ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു കഴിഞ്ഞ ഒന്നാം പിണറായി സര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story