Top

'തൃശൂർ ജില്ലയില്‍ പ്രവേശിക്കരുത്'; കൊടകര കുഴല്‍പ്പണ കേസില്‍ പ്രതികള്‍ക്ക് ജാമ്യം

14 Aug 2021 5:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂർ ജില്ലയില്‍ പ്രവേശിക്കരുത്; കൊടകര കുഴല്‍പ്പണ കേസില്‍  പ്രതികള്‍ക്ക് ജാമ്യം
X

കൊടകര കുഴല്‍പ്പണ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിലെ പ്രതികളായ സുജീഷ്, ദീപ്തി, അഭിജിത്ത്, അരീഷ് ലബീബ് ബാബു അബ്ദുല്‍ വാഹിദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരുലക്ഷം രൂപയുടെ ബോണ്ട് ഉള്‍പ്പെടെ ഉപാധികളോടെയാണ് ജാമ്യം. തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കരുതെന്നും നിർദ്ദേശമുണ്ട്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകരയില്‍ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചെന്ന കേസിലാണ് നടപടി.

കേസില്‍ നേരത്തെ തന്നെ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പ്രതികളും, 219 സാക്ഷികളും ഉള്‍പ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനും അടക്കമുള്ള 19 ബിജെപി നേതാക്കളെയാണ് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്നാണ് കുറ്റപത്രത്തില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയത്.

കേസില്‍ നിഗൂഢമായ പലതും പുറത്തു വരാനുണ്ടെന്ന നിരീക്ഷണത്തില്‍ ഹൈക്കോടതി നേരത്തെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ചില പ്രധാനപ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്, ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം, ലക്ഷ്യം എന്നിവ കണ്ടെത്തണമെന്നുമായിരുന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്നും കേസില്‍ ദുരൂഹതയുണ്ടെന്ന നിരീക്ഷണവും കോടതി നേരത്തെ ഉയര്‍ത്തിയിരുന്നു.

Next Story