Top

'കണ്ടെടുത്ത മാന്‍കൊമ്പും മഹസറില്‍ രേഖപടുത്തിയിട്ടില്ല'; കൊച്ചി ലഹരി മരുന്ന് കേസില്‍ നടന്നത് വന്‍ അട്ടിമറി

25 Aug 2021 4:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ടെടുത്ത മാന്‍കൊമ്പും മഹസറില്‍ രേഖപടുത്തിയിട്ടില്ല; കൊച്ചി ലഹരി മരുന്ന് കേസില്‍ നടന്നത് വന്‍ അട്ടിമറി
X

കൊച്ചിയില്‍ 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ നടന്നത് വന്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മാന്‍ കൊമ്പ് മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പുതിയ വിവരം. പ്രതികളില്‍ നിന്നും കിലോയിലേറെ എംഡിഎംഎ പിടികൂടിയിട്ടും എക്‌സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വെച്ച കേസ് മാത്രമെന്ന് വ്യക്തമായതിന് പിന്നാലെയാണ് പുതിയ വിവരം പുറത്ത് വരുന്നത്. അറസ്റ്റിലായ ചിലരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം.

അറസ്റ്റിലായ രണ്ട് യുവതികളില്‍ ഒരാളെയാണ് പ്രതിയാകാതെ ഒഴിവാക്കിയത്. പ്രതികളെ പിടിച്ചയുടന്‍ എക്‌സൈസ് എടുത്ത ഫോട്ടോയില്‍ 7 പ്രതികള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പുറത്തിറക്കിയ എക്‌സൈസ് വാര്‍ത്തകുറിപ്പിലും 7 പേരായിരുന്നു പ്രതികള്‍. പിന്നാലെയാണ് ഒരാളെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നത്.

കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്ന് മാരകലഹരിമരുന്നായ എംഡിഎം എയുമായി യുവതികളടക്കം 7 പേര്‍ പിടിയിലായത് ആണ് കേസിന്റെ തുടക്കം. എന്നാല്‍ എഫ്‌ഐആറില്‍ യുവതി അടക്കം അഞ്ച് പ്രതികളില്‍ നിന്ന് 84 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിനാണ് അറസ്റ്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതികളെ ചോദ്യം ചെയ്തതിന് പിന്നാലെ വീണ്ടും ഫ്‌ളാറ്റില്‍ നിന്നും മയക്ക് മരുന്ന് കണ്ടെടുത്തു. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നും എന്നാല്‍ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് രണ്ടാം എഫ്‌ഐആറില്‍ എക്‌സൈസ് പറയുന്നത്. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറില്‍ രേഖപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ പങ്ക് വ്യക്തമായാല്‍ ഇവരെ പ്രതിപട്ടിയില്‍ ചേര്‍ക്കുമെന്നുമാണ് എക്‌സൈസ് നിലപാട്.

Next Story