Top

പീഡനപരാതി 'ഒതുക്കി'; ആരോപണ വിധേയനായ ഉദ്യോഗസ്ഥന് കെഎംഎംഎലില്‍ വീണ്ടും ജനറല്‍ മാനേജറായി നിയമനം

2019 ലാണ് ചവറ കെഎംഎംഎല്ലിൽ കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്

5 Sep 2021 10:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പീഡനപരാതി ഒതുക്കി; ആരോപണ വിധേയനായ ഉദ്യോഗസ്ഥന് കെഎംഎംഎലില്‍ വീണ്ടും ജനറല്‍ മാനേജറായി നിയമനം
X

ചവറ കെഎംഎംഎല്ലില്‍ പീഡന പരാതിയില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് ജനറല്‍ മാനേജരായി വീണ്ടും നിയമനം. 2019-ല്‍ വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് പരാതിയുയർന്ന ഉദ്യോഗസ്ഥനാണ് വീണ്ടും നിയമനം നല്‍കിയത്. ജീവക്കാരിയുടെ പരാതിയില്‍ ആഭ്യന്തര അന്വേഷണം നടത്തിയ കെഎംഎംഎല്‍ മിനറല്‍സ് ആന്റ് മെറ്റല്‍സ് പി ആന്റ് എ വിഭാഗം ജനറല്‍ മാനേജറായിരുന്ന ഇയാളെ സ്‌പോഞ്ച് ഫാക്ടറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിയമപരമായി പൊലീസിന് കെെമാറേണ്ടിയിരുന്ന പരാതി കെഎംഎംഎല്‍ റിപ്പോർട്ട് ചെയ്തില്ല

പീഡനം പുറത്തേക്ക് റിപ്പോര്‍ട്ട് ചെയ്യാഞ്ഞതു സംബന്ധിച്ച പരാതി ഉയര്‍ന്നപ്പോള്‍ ഇനി ശല്യം ഉണ്ടാകാതെ നോക്കാമെന്നായിരുന്നു വിശദീകരണം. പരാതിക്കാരി ഉള്ള മേലില്‍ ഇതേ വിഭാഗത്തിലേക്ക് നിയമിക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അന്ന് കമ്പനി കേസ് ഒതുക്കുകയായിരുന്നെന്നും പരാതിക്കാരി ആരോപിക്കുന്നു. നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥൻ്റെ രണ്ട് ഇന്‍ക്രിമെന്റ് തടയുകയും ചെയ്തിരുന്നു.

എന്നാല്‍ ഫാക്ടറിയിലെ ഇടതുസംഘടനാ നേതാവിൻ്റെ സമ്മർദ്ധത്തിന് വഴങ്ങി കുറ്റാരോപിതനായാളെ വീണ്ടും പഴയ പോസ്റ്റിൽ നിയമിച്ചിരിക്കുന്നതെന്നാണ് പുതിയ ആരോപണം. ഇതിനായി പിന്നോക്ക വിഭാഗക്കാരനായ ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തു. ഉദ്യോഗസ്ഥനെതിരായ പീഡനപരാതി മറച്ചുവെച്ചായിരുന്നു ഈ നിയമനം. ഈ പശ്ചാത്തലത്തില്‍ നിയമനത്തിനെതിരെ അസിസ്റ്റന്‍ഡ് തസ്തികയില്‍ ജോലിയിലുള്ള പരാതിക്കാരി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം.

2008ലും ഇതേ ഉദ്യോഗസ്ഥനെതിരെ സമാന പരാതി ഉയർന്നിരുന്നു. അപ്രന്റീസ് ആയിരുന്ന യുവതിയായിരുന്നു പരാതിക്കാരി. അന്ന് പരാതി ഉന്നയിച്ച യുവതിയെ മാറ്റിയാണ് പരാതി ഒതുക്കി തീർത്തത്.

Next Story