Top

'ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെ'; മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി കെഎം ഷാജി

എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം

8 Aug 2021 4:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെ; മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി കെഎം ഷാജി
X

മുസ്ലീംലീഗിലെ തര്‍ക്കത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി കെഎം ഷാജി. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണെന്നും മുസ്ലിം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണെന്നും ഷാജി പറഞ്ഞു. എതിര്‍ അഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

കെഎം ഷാജി പറഞ്ഞത്: ''എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്; മുസ്ലിം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകള്‍ മാത്രം. എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.''

അതേസമയം, തനിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മുഈന്‍ അലിയെ പുറത്താക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ കടുത്ത നടപടി പാടില്ലെന്ന് തങ്ങള്‍ കുടുംബം വ്യക്തമാക്കി. ഉന്നതാധികാര സമിതിയിലോ സജീവ രാഷ്ട്രീയത്തിലോ ഇല്ലാതിരുന്ന റഷീദ് അലി ഉള്‍പ്പെടെയുള്ള തങ്ങള്‍ കുടുംബത്തിലെ പ്രമുഖര്‍ യോഗത്തിനെത്തിയിരുന്നു. തങ്ങള്‍ കുടുംബവും കുഞ്ഞാലിക്കുട്ടി പക്ഷവും എന്നിങ്ങനെ രണ്ട് തട്ടിലായി യോഗത്തില്‍ വാദമുയര്‍ന്നു.

പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ എല്ലാ സ്ഥാനങ്ങളും ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. മുഈന്‍ അലിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി പാര്‍ട്ടിക്ക് വേണ്ടി താന്‍ നടത്തിയ സേവനങ്ങള്‍ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി എണ്ണിപ്പറഞ്ഞു. മുഈന്‍ അലിക്കെതിരെ അസഭ്യം പറഞ്ഞ റാഫി പുതിയ കടവിനെതിരെ നടപടി പാടില്ലെന്ന് കുഞ്ഞാലിക്കുട്ടി ശക്തമായി യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ തുല്യ നീതിയാണ് വേണ്ടത്. മുഈന്‍ അലിക്കെതിരെ നടപടിയില്ലെങ്കില്‍ റാഫി പുതിയ കടവിനെതിരെയും നടപടി എടുക്കരുതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്നലെ റാഫി പുതിയ കടവിനെ സസ്‌പെന്‍ഡ് ചെയ്യുകയാണുണ്ടായത്.

എന്നാല്‍ റാഫി പുതിയ കടവിനെയും ഒരു പോലെ കാണാനാവില്ലെന്ന് ഒരു വിഭാഗം പറഞ്ഞു. വിഷയത്തില്‍ എന്തു നടപടി എന്നത് ഹൈദരലി ഷിഹാബ് തങ്ങള്‍ക്ക് വിട്ടിരിക്കുകാണ് നേതൃത്വം. ഹൈദരലി തങ്ങള്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് മുഈന്‍ അലിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി എടുക്കുന്നത് അനുചിതാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. വിഷയത്തില്‍ ഹൈദരലി തങ്ങള്‍ നാളെ തീരുമാനമെടുക്കുമെന്നാണ് സൂചന.

Next Story