Top

'ഈ നിശബ്ദതയും നിസ്സംഗതയും യാദൃച്ഛികമല്ല'; #justiceForRabiya-ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് കെ കെ രമ

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊന്നും ഒരു സുരക്ഷയുമില്ലാത്ത നഗരമായി രാഷ്ട്ര തലസ്ഥാനം മാറിയിട്ട് വര്‍ഷങ്ങളായി

7 Sep 2021 2:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈ നിശബ്ദതയും നിസ്സംഗതയും യാദൃച്ഛികമല്ല; #justiceForRabiya-ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് കെ കെ രമ
X

ഡല്‍ഹിയില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സൈഫിയ്ക്ക് നീതി ലഭിക്കണെന്ന് കെ കെ രമ എംഎല്‍എ. രാജ്യ തലസ്ഥാനത്ത് ഒരു പൊലീസ് ഓഫീസര്‍ കൊല ചെയ്യപ്പെട്ടിട്ട് ഇത്രയും ദിവസങ്ങളായിട്ടും ഭരണകൂടവും മാധ്യമങ്ങളും പൊതു സമൂഹവും സൂക്ഷിക്കുന്ന ഈ നിശ്ശബ്ദതയും നിസ്സംഗതയും യാദൃച്ഛികമല്ല. ഈ വിഷയം വാര്‍ത്തയാവാതിരിക്കാനും കുഴിച്ചുമൂടാനുമുള്ള ഉന്നത തല ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നത് നമ്മുടെ ജനാധിപത്യത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും അപമാനകരമാണെന്നും കെ കെ രമ പറഞ്ഞു.

ദാരിദ്രത്തിന്റെയും സാമൂഹ്യ പിന്നാക്കാവസ്ഥകളുടെയും പ്രതിബന്ധങ്ങോട് ഒരു കുടുംബം ഒന്നിച്ച് പൊരുതിയാണ് റാബിയ പഠനം പൂര്‍ത്തിയാക്കുകയും ദില്ലി പോലീസില്‍ ജോലി നേടുകയും ചെയ്തത്. എന്നാല്‍ ഭയാനകമായ ക്രൂരകൃത്യങ്ങൾക്കിരയായാണ് ആ ഇരുപത്തിരണ്ടു വയസ്സുകാരി കൊല്ലപ്പെട്ടത്. നമ്മുടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊന്നും ഒരു സുരക്ഷയുമില്ലാത്ത നഗരമായി രാഷ്ട്ര തലസ്ഥാനം മാറിയിട്ട് വര്‍ഷങ്ങളായി. ഈ രാജ്യത്തിന്റെ ഉന്നതാധികാര കേന്ദ്രങ്ങളുടെയും ജനാധിപത്യ സ്ഥാപനങ്ങളുടെയുമൊപ്പം ഇങ്ങനെയൊരു മാഫിയാ വ്യവസ്ഥ കൂടി വളര്‍ന്നു വരുന്നത് ആരെയും അസ്വസ്ഥമാക്കുന്നില്ല.

അധികാര കേന്ദ്രങ്ങളുമായി ഈ കൊലയ്ക്ക് ബന്ധമുണ്ടെന്ന റാബിയ സൈഫിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലവിളികള്‍ക്ക് മാദ്ധ്യമങ്ങളും ഭരണകൂടവും കാതു നല്‍കണം. വസ്തുതാപരവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അതുവരെ വലിയ സമര /സമ്മര്‍ദ്ദശക്തിയായി ജാഗ്രതയോടെ ഈ വിഷയത്തിനൊപ്പം നില്‍ക്കുമെന്ന് ഈ നാട്ടിലെ മനുഷ്യസ്‌നേഹികള്‍ ഉറപ്പിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

Next Story