Top

'ഒടുവിൽ കിറ്റെക്സ് ആ​ഗ്രഹം വെളിപ്പെടുത്തി, യു.പിയിലേക്ക് ചേക്കേറാന്‍ താല്‍പ്പര്യമറിയിച്ച് സാബു'; സ്വാഗതമെന്ന് യോഗി

2012ല്‍ പുഴ മലിനീകരണവുമായി ബന്ധപ്പെട്ട് കിറ്റെക്‌സില്‍ പരിശോധന നടത്തിയതിന് പിന്നാലെ സംസ്ഥാനം വിടുമെന്ന് സാബു ജേക്കബ് ഭീഷണിപ്പെടുത്തിയിരുന്നു

8 Sep 2021 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒടുവിൽ കിറ്റെക്സ് ആ​ഗ്രഹം വെളിപ്പെടുത്തി, യു.പിയിലേക്ക് ചേക്കേറാന്‍ താല്‍പ്പര്യമറിയിച്ച് സാബു; സ്വാഗതമെന്ന് യോഗി
X

ഉത്തര്‍പ്രദേശില്‍ നിക്ഷേപ താല്‍പ്പര്യമറിയിച്ച് സാബു ജേക്കബ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. യു.പി സര്‍ക്കാരിനെ ഉദ്ധരിച്ച് ദി ഉത്തര്‍പ്രദേശ് ഇന്‍ഡക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് സാബു ജേക്കബ് രംഗത്തുവന്നത്. കിറ്റെക്‌സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നല്‍കി. കേരളത്തിലെ വ്യവസായിക നയങ്ങളെ വിമര്‍ശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിപണിയില്‍ മൂല്യം വര്‍ദ്ധിപ്പിക്കാനും സാബു ജേക്കബിന് കഴിഞ്ഞു.

അതേസമയം കിറ്റെക്‌സ് കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എട്ട് വര്‍ഷം മുന്‍പ് തുടങ്ങിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. 2012ല്‍ പുഴ മലിനീകരണവുമായി ബന്ധപ്പെട്ട് കിറ്റെക്‌സില്‍ പരിശോധന നടത്തിയതിന് പിന്നാലെ സംസ്ഥാനം വിടുമെന്ന് സാബു ജേക്കബ് ഭീഷണി ഉയര്‍ത്തി. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഉത്തരവ് ചൂണ്ടിക്കാണിച്ച് അന്നത്തെ പഞ്ചായത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ കിറ്റെക്‌സിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. 2012 സെപ്റ്റംബറില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ കിഴക്കമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ഏലിയാസ് കാരിപ്ര കിറ്റെക്‌സ് നടത്തുന്ന പരിസ്ഥിതി മലീനികരണങ്ങള്‍ അക്കമിട്ട് നിരത്തി.

'കിഴക്കമ്പലം പഞ്ചായത്തിലുള്ള മറ്റു വ്യവസായങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. വ്യവസായ സൗഹൃദ നിലപാടാണ് പഞ്ചായത്തിനുള്ളത്. ഇവരുടെ തന്നെ മറ്റു കമ്പനികളുണ്ട് അവര്‍ക്കെതിരെ ഇത്തരം ആരോപണങ്ങളില്ലയെന്നും' ഏലിയാസ് കാരിപ്ര 2012ലെ ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ നിന്ന് മാലിന്യം ഒഴുക്കുകയാണെന്നും ഏലിയാസ് വിശദീകരിച്ചിരുന്നു.

കറുത്ത നിറത്തിലുള്ള മാലിന്യം കിറ്റെക്‌സില്‍ നിന്ന് തോട്ടിലൂടെ കടപ്രയാറില്‍ വരികയാണ്. സ്മാര്‍ട് സിറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തുന്ന ശ്രോതസ് മലിനപ്പെടുത്താന്‍ പറ്റില്ലെന്ന് പഞ്ചായത്ത് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. അന്ന് മാലിന്യം പ്രശ്‌നം പരിഹരിക്കാമെന്ന് സാബു എം ജേക്കബ് ഉറപ്പ് നല്‍കിയിരുന്നതായും കിഴക്കമ്പലം പഞ്ചായത്ത് പ്രതിനിധി പരസ്യമാക്കിയിരുന്നു. എന്നാല്‍ അനാവശ്യ പരിശോധനയാണെന്നും കേരളം വ്യവസായ യോഗ്യമല്ലെന്നും അന്ന് സാബു ആരോപിച്ചു. തെലങ്കാനയിലേക്ക് കൂടുമാറുന്നതിന് തൊട്ടുമുന്‍പ് സമാന ആരോപണമാണ് സാബു ഉന്നയിച്ചത്. എട്ട് വര്‍ഷം മുന്‍പ് യുഡിഎഫിനെതിരായായിരുന്നു ആരോപണമെങ്കില്‍ ഇന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയാണ്.

2012ല്‍ കിറ്റെക്‌സിന്റെ മലിനീകരണത്തിനെതിരായ പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ ഏജന്‍സികള്‍ പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ്, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് അന്ന് കിഴക്കമ്പലം ആക്ഷന്‍ കൗണ്‍സില്‍ പരാതിയും നല്‍കി. എന്നാല്‍ പ്രതിഷേധകര്‍ വെറും പതിനെട്ട് പേരായിരുന്നുവെന്നാണ് സാബു വാദിച്ചത്.

കിറ്റെക്‌സിന് ചുറ്റുമുണ്ടായിരുന്ന 40 ഏക്കര്‍ നെല്‍പ്പാടം കൃഷി യോഗ്യമല്ലാതായതിനെ തുടര്‍ന്ന് വിലങ്ങ് പാടശേഖര സമിതി സമരത്തിന് ഇറങ്ങിയെന്നും പഞ്ചായത്ത് വ്യക്തമാക്കുന്നു. 17 വര്‍ഷത്തിനിടെ 40 ഏക്കര്‍ കൃഷിയിടം കിറ്റെക്‌സ് കൃഷിയോഗ്യമല്ലാതാക്കി മാറ്റിയെന്നാണ് അന്ന് വിമര്‍ശനമുയര്‍ന്നത്. എന്നാല്‍ ഇവയെല്ലാം സാബു എം ജേക്കബ് നിഷേധിച്ചു. അന്ന് സാബുവിന്റെ ഭീഷണി യുഡിഎഫ് വ്യവസായ മന്ത്രി മുഖവിലക്കെടുത്തിരുന്നില്ലെന്ന് ചര്‍ച്ചക്കിടെ അവതാരകനും പറഞ്ഞു.

Next Story