Top

'ഭരണ-പ്രതിപക്ഷത്തിന് ആത്മാര്‍ത്ഥതയില്ല, സിസ്റ്റം ശരിയല്ല'; യോഗിക്ക് മുന്നില്‍ കേരളത്തെ തള്ളിപ്പറഞ്ഞ് സാബു ജേക്കബ്

ചർച്ചക്കിടെ ഉത്തർപ്രദേശിൽ നിക്ഷേപ താൽപ്പര്യവും സാബു യോ​ഗിയെ അറിയിച്ചിട്ടുണ്ട്. കിറ്റെക്‌സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നൽകി.

8 Sep 2021 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭരണ-പ്രതിപക്ഷത്തിന് ആത്മാര്‍ത്ഥതയില്ല, സിസ്റ്റം ശരിയല്ല; യോഗിക്ക് മുന്നില്‍ കേരളത്തെ തള്ളിപ്പറഞ്ഞ് സാബു ജേക്കബ്
X

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് മുന്നില്‍ കേരളത്തിനെതിരെ രൂക്ഷ പരാമര്‍ശവുമായി കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. കൊവിഡിനെ തടയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ മുഴുവന്‍ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നും സാബു ജേക്കബ് പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിന്റെ പോളിസികള്‍ ശരിയല്ല. അനാവശ്യ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍. ജനങ്ങള്‍ അപമാനിക്കപ്പെടുന്നുവെന്നും സാബു കുറ്റപ്പെടുത്തി. ദേശീയ ചാനലില്‍ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു സാബുവിന്‍റെ പ്രസ്താവന.

ചാനല്‍ ചര്‍ച്ചയില്‍ സാബു പറഞ്ഞത്; കേരളത്തിലെ സര്‍ക്കാരിന്റെ പോളിസികള്‍ ശരിയല്ല. അനാവശ്യ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍. ജനങ്ങള്‍ അപമാനിക്കപ്പെടുന്നു. വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കുകയെന്നതാണ് കൊവിഡിനെ നിയന്ത്രിക്കാനുള്ള ഏക മാര്‍ഗം. അതിന് പകരം പ്രാദേശികമായും അല്ലാതെയും പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമല്ല. ജനങ്ങള്‍ക്ക് എവിടെയാണ് നിയന്ത്രണങ്ങളെന്ന് പോലും അറിയില്ല. കൊവിഡിനെ തടയാന്‍ ടോട്ടല്‍ സിസ്റ്റം പരാജയപ്പെട്ടിരിക്കുകയാണ്. ഇവിടുത്തെ ഭരണ-പ്രതിപക്ഷങ്ങള്‍ വ്യത്യാസമില്ല. അവര്‍ ആത്മാര്‍ത്ഥമായി കൊവിഡ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അവരുടെ പോളിസികള്‍ ശരിയല്ല.

ചർച്ചക്കിടെ ഉത്തർപ്രദേശിൽ നിക്ഷേപ താൽപ്പര്യവും സാബു യോ​ഗിയെ അറിയിച്ചിട്ടുണ്ട്. കിറ്റെക്‌സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നൽകി. കേരളത്തിലെ വ്യവസായിക നയങ്ങളെ വിമർശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിപണിയിൽ മൂല്യം വർദ്ധിപ്പിക്കാനും സാബു ജേക്കബിന് കഴിഞ്ഞു. തെലുങ്കാനയില്‍ തനിക്ക് ലഭിച്ചത് രാജകീയ സ്വീകരണമാണെന്നും എനിക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഇവിടത്തെ വ്യവസായികള്‍ അറിഞ്ഞാല്‍ ഒരു വ്യവസായി പോലും കേരളത്തിലുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും സാബു ജേക്കബ് അന്ന് പ്രതികരിച്ചിരുന്നു.

Next Story